പിള്ളയെ ഉപദേശക സ്ഥാനത്തുനിന്ന് നാഗാലാന്‍ഡ് പുറത്താക്കി

അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തിയതിന് പിന്നാലെ മുൻ അഡീ.എസ്.പി എം.കെ.ആര്‍ പിള്ളയെ ഉപദേശക സ്ഥാനത്തുനിന്നു നാഗാലാൻഡ് പുറത്താക്കി. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നാഗാലാൻഡ് ഡിജിപി എസ്.എസ് ദൻഗൽ വ്യക്തമാക്കി. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ കേസിൽ തുടർനടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി.ട്രാഫിക് കണ്‍സല്‍ട്ടന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹത്തെ നീക്കിയത്.

പിള്ളയുടെ വീട്ടില്‍ കണ്ടെത്തിയ നാഗാലാൻഡ് പോലീസിന്റെ ട്രക്ക് തങ്ങളുടെ അറിവോടെ കൊണ്ടുപോയതല്ലെന്നും ഈ ട്രക്ക് എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച് കേരളത്തിലെത്തിയെന്നും അന്വേഷിക്കുമെന്നും ദന്‍‌ഗല്‍ വ്യക്തമാക്കി. 2011ൽ സർവീസിൽ നിന്ന് വിരമിച്ചെങ്കിലും ഉപദേശക സ്ഥാനത്ത് തുടരുകയായിരുന്നു പിള്ള. കോൺസ്റ്റബിളായി സർവീസിൽ കയറി അഡി. എസ്‌പിയായി വിരമിച്ച എം.കെ.ആർ പിള്ള ആറു വർഷമായി പോലീസ് ആസ്ഥാനത്തു കൺസൽട്ടന്റായി ജോലി ചെയ്യുകയാണ്.