സുനന്ദാ പുഷ്‌ക്കറിന്റെ മരണം പൊളോണിയം മൂലമല്ലെന്ന് എഫ്ബിഐ പരിശോധനാ ഫലം

sunanda-pushkar
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണത്തിനു പൊളോണിയമോ മറ്റേതെങ്കിലും ആണവ പദാര്‍ത്ഥങ്ങളോ കാരണമല്ലെന്ന് പരിശോധന റിപ്പോര്‍ട്ട്.

യു.എസ് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനാ ഫലം എഫ്ബിഐ ഡല്‍ഹി പൊലീസിന് കൈമാറി.

സുനന്ദയുടേത് കൊലപാതകമാണെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു. വിഷാംശം ഉള്ളില്‍ ചെന്നാണ് മരണമെന്നും പൊലീസ് അവകാശപ്പെടുന്നു. തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

2014 ജനുവരിയില്‍ ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലാണ് സുനന്ദാപുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ റേഡിയോ ആക്ടീവ് ഘടകങ്ങളടക്കമുള്ള സങ്കീര്‍ണമായ വിഷാംശം കണ്ടെത്താന്‍ ഇന്ത്യയിലെ ലാബുകള്‍ക്ക് കഴിയില്ലെന്ന എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുനന്ദയുടെ ആന്തരാവയവങ്ങളുടെ സാംപിളുകള്‍ വാഷിംഗ്ടണിലെ എഫ്ബിഐ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്.

പാകിസ്താനി മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറുമായി ശശി തരൂരിനുള്ള സൗഹൃദത്തിന്റെ പേരില്‍ ഇരുവരും വഴക്കിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സുനന്ദ ഡെല്‍ഹിയിലെ ഹോട്ടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.എഫ്ബിഐ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡല്‍ഹി പൊലീസ് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.