സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണത്തില്‍ എയിംസ് അന്തിമ റിപ്പോര്‍ട്ട് പോലീസിന് കൈമാറി.

15-1431657794-sunanda-pushkar1മരണകാരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നല്‍ ഏത് ഇനം വിഷമാണ് ഉള്ളില്‍ ചെന്നിരിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് ആധികാരിക വെളിപ്പെടുത്തലൊന്നും ലഭിച്ചിട്ടുമില്ല.

ആന്തരിക അയവയങ്ങളുടെ പരിശോധനാ ഫലമാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ലഭിച്ചതായും പോലീസ് പരിശോധിച്ചുവരികയാണെന്നും ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശശി തരൂരിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.

സുനന്ദയുടെ മരണകാരണം പൊളോണിയം വിഷം ഉള്ളില്‍ ചെന്നതാണെന്ന വാദം തള്ളിക്കളഞ്ഞ എഫ്.ബി.ഐയുടെ റിപ്പോര്‍ട്ട് നവംബറില്‍ പുറത്തുവന്നിരുന്നു. സുനന്ദയുടെ ആന്തരികാവയവങ്ങളിലെ റേഡിയേഷന്‍ നില സുരക്ഷിതമാണെന്നും റേഡിയോ ആക്ടീവ് ഘടകം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി പോലീസ് കമ്മിഷണര്‍ അറിയിച്ചിരുന്നു.

അതേസമയം, സുനന്ദ പുഷ്‌കറുടെ മരണത്തില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി അറിയിച്ചിട്ടുണ്ട്. 2014 ജനുവരി 17നാണ് സുനന്ദയെ ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.