ഫെയ്‌സ്ബുക്ക് പേജ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫെയ്‌സ്ബുക്ക് പേജ് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. സാമൂഹ്യ പ്രവര്‍ത്തകയായ സുനിതാ കൃഷ്ണനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍ മീഡിയകളിലെ പ്രചാരണം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തമിഴ് ഭാഷയിലുള്ള പേജാണ് നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളുണ്ടെന്ന അവകാശപ്പെട്ട് രംഗത്തെത്തിയത്. തമിഴിലുള്ള ഫേസ്ബുക്ക് പോസ്റ്റും ഹര്‍ജിയ്‌ക്കൊപ്പം സുനിത സമര്‍പ്പിച്ചിട്ടുണ്ട്. നടിയെ അക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശം ഉണ്ടെന്നും ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായി ബന്ധപ്പെടാം എന്ന രീതിയില്‍ ഒരു ഫോണ്‍ നമ്പറും പേജില്‍ നല്‍കിയിരുന്നു. എന്നാല്‍ പരാതി വന്നതോടെ ആ പേജുകള്‍ അപ്രത്യക്ഷമായി.

ഫേസ്ബുക്ക് പേജിനെതിരെ ഉയര്‍ന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ക്ക് കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള ലൈംഗിക അതിക്രമ പ്രചാരണങ്ങള്‍ തടയുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ടാണ് സുനിതാ കൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിപ്പിച്ചിട്ടുള്ളത്. ഹര്‍ജിയില്‍ കോടതി അടിയന്തര ഇടപെടലാണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്.