വനിതാ സംവരണം ആവശ്യപ്പെടുമ്പോള്‍ മുത്തലാഖ് വിഷയവും പരിഗണിക്കണം: രവിശങ്കര്‍ പ്രസാദ്

പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് വനിതാ സംവരണ ബില്‍ പാസാക്കാന്‍ ധൈര്യമുണ്ടോയെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിക്ക് മറുപടി നല്‍കി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. വനിതാ സംവരണം ആവശ്യപ്പെടുന്ന സമയത്ത് തന്നെ മുത്തലാഖ്, നിക്കാഹ് ഹലാല വിഷയങ്ങള്‍ക്കും പരിഗണന നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിക്കുളള രവിശങ്കര്‍ പ്രസാദിന്റെ മറുപടി കത്തില്‍ പറയുന്നത്.

https://twitter.com/ANI/status/1019189441662013440

ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ സ്ത്രീകളെയും അവരുടെ അവകാശങ്ങളെയും വേര്‍തിരിച്ച് കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും വനിതാ സംവരണ ബില്‍ പാസാക്കും. അതോടൊപ്പം തന്നെ മുത്തലാഖ് നിരോധിക്കുകയും നിയമലംഘനം നടത്തുന്നവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. കൂടാതെ നിക്കാഹ് ഹലാലയും നിരോധിക്കും- രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ രവിശങ്കര്‍ പ്രസാദ് പറയുന്നു.

സ്ത്രീശാക്തീകരണത്തെക്കുറിച്ചും മുഖ്യധാരയിലേക്ക് സ്ത്രീകള്‍ എത്തുന്നതിനെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രിക്ക് അത് പ്രകടമാക്കാന്‍ വനിതാ സംവരണബില്ലിന് നല്‍കാന്‍ കഴിയുന്ന പിന്തുണയെക്കാള്‍ മറ്റൊരു മാര്‍ഗ്ഗമുണ്ടോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ബില്‍ പാസാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ നിസീമമായ പിന്തുണയുണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

വാജ് പേയി പ്രധാനമന്ത്രിയായിരുന്ന സമയത്ത് എന്‍ ഡി എ സര്‍ക്കാരാണ് കൊണ്ടുവന്നതെങ്കിലും അഭിപ്രായ ഭിന്നത വന്നതോടെ ബില്‍ പാസാക്കിയില്ല. പിന്നീട് യു പി എ സര്‍ക്കാര്‍ ബില്‍ വീണ്ടും രാജ്യ സഭയില്‍ കൊണ്ട് വന്നു. അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും ഇരു പാര്‍ട്ടികളും രാജ്യസഭയില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ ബില്‍ ലോക സഭയില്‍ പാസാക്കുന്നതിന് യു പി എ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും രവിശങ്കര്‍ പ്രസാദ് തന്റെ കത്തില്‍ പറയുന്നു.