ക്വാറി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

ക്വാറി ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമായും നേടിയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

സംസ്ഥാന സര്‍ക്കാരിന്റെയും ക്വാറി ഉടമകളുടെയും വാദങ്ങള്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് പാരിസ്ഥിതിക അനുമതി വേണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഈ വാദമായിരുന്നു ക്വാറി ഉടമകളും സ്വീകരിച്ചത്.

നേരത്തേ ഈ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരും ക്വാറി ഉടമകളും ഒത്തുകളിക്കുകയാണോ എന്നായിരുന്നു സുപ്രീംകോടതി വിമര്‍ശിച്ചത്.

സംസ്ഥാനത്ത് അഞ്ച് ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി ക്വാറി ഉടമകള്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിയാല്‍ നിര്‍മാണ മേഖല സ്തംഭിക്കുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു വാദം.

കേരളത്തിന്റെ നിലപാട് തെറ്റാണെന്നും അഞ്ച് ഹെക്ടര്‍ വരെയുള്ള ഭൂമിയിലെ ഖനനത്തിന് സംസ്ഥാനങ്ങളില്‍ വിദഗ്ധ സമിതിയുടെ അനുമതി വേണമെന്നും അതിന് മുകളിലുള്ളവയാണ് കേന്ദ്ര സര്‍ക്കരിന്റെ പരിധിയില്‍ വരികയെന്നും പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി.