സ്ത്രീധന പീഡന പരാതിയില്‍ പരാതി കിട്ടിയാലുടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ കോടതി പുനഃസ്ഥാപിച്ചു

സ്ത്രീധന പീഡന പരാതിയിന്മേല്‍ ഐപിസി 498 എ’യില്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി. മാര്‍ഗരേഖയില്‍ ഭേദഗതി വരുത്തിയ കോടതി അറസ്റ്റ് നടപടികള്‍ പുന:സ്ഥാപിച്ചു. ഗാര്‍ഹിക പീഡനക്കേസുകളില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യാവൂ എന്ന നിര്‍ദ്ദേശം 498ആം വകുപ്പിനെ ദുര്‍ബലപ്പെടുത്തുമെന്ന് കാട്ടി നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് വിധി. സന്നദ്ധ സംഘടനയായ ന്യാധാര്‍ ആണ് ഹര്‍ജി നല്‍കിയത്.

പരാതി കിട്ടിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് കോടതി പുനഃസ്ഥാപിച്ചത്. ജാമ്യം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം. പരാതി പരിശോധിക്കാന്‍ കുടുംബ ക്ഷേമസമിതികള്‍ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി റദ്ദാക്കി. ഗാര്‍ഹിക പീഡന പരാതിയില്‍ അന്വേഷണം നടത്തി മാത്രം തുടര്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്ന് 2017ല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് ഐപിസി 498 എ വകുപ്പിനെ ദുര്‍ബലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.