സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും ജനശ്രദ്ധ തിരിച്ചുവിടാന്‍ പിണറായി ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കുകയാണോ?

സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കേരളത്തില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും ജനശ്രദ്ധ തിരിച്ചുവിടാന്‍ പിണറായി ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കുകയാണോയെന്നും അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സമരവീര്യം ചോര്‍ന്നിട്ടില്ലെന്ന് മുഖ്യനെ ഓര്‍മ്മിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

തെരഞ്ഞെടുപ്പുകാലത്ത് മനീതി സംഘത്തിന്റെ വരവിനു പിന്നില്‍ തങ്ങളല്ലെന്ന് ആണയിട്ട മുഖ്യനും പാര്‍ട്ടിയും അവരെ പതിനെട്ടാം പടി ചവിട്ടിക്കാന്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ്. ശബരിമലയില്‍ തെറ്റുതിരുത്തുമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും പ്രകോപനത്തിനാണോ പിണറായി ശ്രമിക്കുന്നതെന്നും കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന ദിവസം തന്നെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഉദ്ദേശം എന്താണെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

കര്‍ക്കിടകമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന ദിവസം തന്നെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഉദ്ദേശം എന്താണ്? ശബരിമലയില്‍ തെറ്റുതിരുത്തുമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും പ്രകോപനത്തിനാണോ പിണറായി വിജയന്‍ ശ്രമിക്കുന്നത്? മനീതി സംഘത്തിന്റെ വരവിനു പിന്നില്‍ തങ്ങളല്ലെന്ന് തെരഞ്ഞെടുപ്പുകാലത്ത് ആണയിട്ട മുഖ്യനും പാര്‍ട്ടിയും അവരെ പതിനെട്ടാം പടി ചവിട്ടിക്കാന്‍ പൊലീസ് ജാഗ്രത കാട്ടിയില്ലെന്ന രീതിയില്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്തിനുവേണ്ടിയാണ്? ശബരിമലയില്‍ വീണ്ടും അവിശ്വാസികളേയും ആചാരലംഘകരേയും മനപ്പൂര്‍വ്വം വിളിച്ചുവരുത്താനാണോ പിണറായി വിജയന്‍ ആഗ്രഹിക്കുന്നത്? ഇത്രയേറെ കൊടും ക്രൂരതയും മര്‍ദ്ദനമുറകളും കള്ളക്കേസ്സുകളും ജയിലറകളും വിശ്വാസികള്‍ക്കുനേരെ അഴിച്ചുവിട്ടിട്ടും പൊലീസ് ജാഗ്രത കാണിച്ചില്ലെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? നെയിം ബോര്‍ഡില്ലാത്ത പാര്‍ട്ടിപ്പൊലീസുകാരെ ശബരിമലയില്‍ ഡ്യൂട്ടിക്കു നിയോഗിച്ചതിനെതിരെ ബഹു. ഹൈക്കോടതി ഈയിടെയാണ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. മനീതി സംഘം വന്നപ്പോള്‍ പൊലീസ് നാറാണത്തു ഭ്രാന്തന്റെ പണിയാണെടുത്തത് എന്നു പറഞ്ഞതിന്റെ പച്ചമലയാളം അവരെ മുകളില്‍ വരെ എത്തിച്ചിട്ട് പതിനെട്ടാം പടി ചവിട്ടിക്കാന്‍ കൂട്ടുനിന്നില്ല എന്നല്ലേ? ഇത്രയൊക്കെ കിട്ടിയിട്ടും പിണറായി ഒന്നും പഠിച്ചില്ലെന്നാണോ? അതോ ഉരുട്ടിക്കൊലയും യൂനിവേഴ്സിറ്റി കോളേജ് അക്രമവും പി. എസ്. സി തട്ടിപ്പും വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവും മൂലം മുഖം നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതായ പിണറായി ജനശ്രദ്ധ തിരിച്ചുവിടാന്‍ വീണ്ടും ശബരിമലയെ സംഘര്‍ഷഭൂമിയാക്കുകയാണോ? ഉദ്ദേശം അതാണെങ്കില്‍ ഒരു കാര്യം മുഖ്യനെ ഓര്‍മ്മിപ്പിക്കുന്നു. വിശ്വാസികളുടെ സമരവീര്യം ഒരു തരിമ്പു പോലും ചോര്‍ന്നു പോയിട്ടില്ലെന്നു മാത്രമല്ല കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയേയുള്ളൂ.

Show More

Related Articles

Close
Close