ലണ്ടന്‍ ഭീകരാക്രമണം: ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ്

ലണ്ടനില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടം പറ്റിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 020 8629 5950, 020 7632 3035 എന്നീ നമ്പറുകള്‍ കുറിച്ചുവെയ്ക്കണമെന്നും അവരാവശ്യപ്പെട്ടു. ആക്രമണമുണ്ടായ പാര്‍ലമെന്റ് ചത്വരത്തിലേക്ക് പോകരുതെന്നും സുഷമ അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് മുമ്പിലുണ്ടായ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും സുഷമ സ്വരാജ് അറിയിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷണറുമായി വിഷയം ചര്‍ച്ച ചെയ്തു. ഇതുവരെ ഇന്ത്യക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ലെന്നും സുഷമ പറഞ്ഞു.

ആക്രമണത്തിന്റെ ഇരകളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. ഭീകരതയ്‌ക്കെതിരെ പോരാടുന്നതില്‍ ഇന്ത്യ യുകെയ്‌ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.