ശുചിത്വ ഭാരതം എന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി

ശുചിത്വവുമായി ബന്ധപ്പെട്ട് ആളുകളുടെ മനോഭാവം മാറാതെ ഇന്ത്യയെ ശുചിയാക്കാനുള്ള യജ്ഞം വിജയിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് യജ്ഞമെന്നത് വ്യവസ്ഥയും, ചിന്താഗതിയും മനോഭാവവും ഉള്‍പ്പെടുന്നതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 125 കോടിയോളം വരുന്ന ആളുകള്‍ ഒരുമിച്ചു നിന്നാല്‍ മാത്രമേ ശുചിത്വ ഭാരതമെന്ന സ്വപ്നം യാഥാര്‍ഥ്യമാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം മഹാത്മ ഗാന്ധിമാരും ഒരു ലക്ഷം മോദിമാരും എല്ലാ സംസ്ഥാന സര്‍ക്കാരുകളും അവിടുത്തെ മുഖ്യമന്ത്രിമാരും ഒരുമിച്ചു നിന്നാലും ശുചിത്വ ഭാരതമെന്ന സ്വപ്നം സ്വപ്നമായി അവശേഷിക്കുകയെ ഉള്ളൂ. വൃത്തിയെക്കുറിച്ച് എല്ലാ മനുഷ്യര്‍ക്കും ഒരേ അഭിപ്രായമാണെങ്കിലും വ്യക്തിപരമായി ഉത്തരവാദിത്വമേല്‍ക്കാന്‍ ആരും തയാറല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശുചിത്വഭാരതമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നതിനുള്ള പ്രധാന തടസ്സം ഈയൊരു മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വം ആവശ്യമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായമില്ല. എന്നാല്‍, അതിന് മുന്‍കയ്യെടുക്കാന്‍ നാം തയ്യാറല്ല. സര്‍ക്കാര്‍ ഇടപെട്ട് നമ്മുടെ പരിസരം ശുചിയാക്കാന്‍ കാത്തിരിക്കാതെ, സ്വയം സന്നദ്ധരായി രംഗത്തിറങ്ങാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാത്ത കുടുംബങ്ങള്‍ വിവിധ രോഗങ്ങളുടെ പേരില്‍ ആശുപത്രികളില്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതായും യുനിസെഫിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മോദി ചൂണ്ടിക്കാട്ടി. 10,000 കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ശുചിമുറി പണിയാനും ശുചിത്വം പാലിക്കാനും ശ്രമിക്കാത്ത കുടുംബങ്ങള്‍ വര്‍ഷാവര്‍ഷം കുറഞ്ഞത് 50,000 രൂപയെങ്കിലും ആശുപത്രിയില്‍ ചെലവഴിക്കേണ്ടി വരുന്നതായി കണ്ടെത്തിയത്.