പുതിയ സ്വിഫ്റ്റ് ഡിസയറിനായി കാത്തിരിക്കാം

കോംപാക്റ്റ് സെഡാന്‍ സെഗ്മെന്റിലെ ജനപ്രിയ കാര്‍ മാരുതി സുസുക്കി സിഫ്റ്റ് ഡിസയറിന്റെ പുതിയ പതിപ്പെത്തുന്നു. ഈ വര്‍ഷം തന്നെ പുറത്തിറങ്ങുന്ന വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ താരം. കോംപാക്റ്റ് സെഗ്മെന്റിലെ ഏറ്റവും വില്‍പ്പനയുള്ളതും ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില്‍പ്പനയുള്ള രണ്ടാമത്തെ കാറുമായ ഡിസറയിന്റെ പുതിയ രൂപത്തിനും മികച്ച പ്രതികരണം ലഭിക്കും.

ഈ വര്‍ഷം ജൂണില്‍ വാഹനം വിപണിയിലെത്തും. പുതിയ ഡിസയറിന്റെ നിര്‍മാണം കമ്പനി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷാവസാനം ജപ്പാനില്‍ പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും ഡിസയറിന്റെ നിര്‍മാണം. പുതിയ ഹെഡ്‌ലാമ്പ്, ബംബര്‍, മുന്‍ ഗ്രില്‍ എന്നിവയായിരിക്കും മുന്‍ഭാഗത്തെ പ്രധാന മാറ്റങ്ങള്‍. ഉള്ളില്‍ പുതിയ സ്റ്റിയറിങ് വീല്‍, സെന്റര്‍ കണ്‍സോള്‍, മീറ്റര്‍ കണ്‍സോള്‍ എന്നിവയുണ്ടാകും കൂടാതെ കൂടുതല്‍ സ്‌പെയ്‌സും പുതിയ ഡിസയറിന്റെ പ്രത്യേകതയായിരിക്കും. പിന്നിലെ ബംബറിനും ടെയില്‍ ലാമ്പിനും മാറ്റങ്ങളുണ്ടാകും.

എക്‌സ്‌സൈസ് തീരുവ ഇളവ് ലഭിക്കുന്നതിനായി വാഹനത്തിന്റെ നീളം നാലുമീറ്ററില്‍ ഒതുക്കും. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. നിലവിലുള്ള പെട്രോള്‍, ഡീസല്‍, എഎംടി വകഭേദങ്ങള്‍ തുടരാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ 1.2 ലീറ്റര്‍ പെട്രോള്‍ മോഡല്‍, 1.3 ലീറ്റര്‍ ഡീസല്‍ മോഡല്‍ എന്നിവ കൂടാതെ സിയാസിലൂടെ ഇന്ത്യയില്‍ അവതരിപ്പിച്ച എസ്എച്ച്‌വിഎസ് (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുക്കി) സാങ്കേതിക വിദ്യയൊടു കൂടി മൈലേജ് കൂടിയ മോഡലും എത്തിയേക്കാം.