സിറിയയിൽ രാസായുധ പ്രയോഗം: 58 പേർ കൊല്ലപ്പെട്ടു

സിറിയയിൽ സർക്കാർ സേന നടത്തിയ രാസായുധ പ്രയോഗത്തിൽ 58 പേർ കൊല്ലപ്പെട്ടു. വടക്കു പടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലുള്ള ഖാൻ ഷെയ്ഖൗൻ നഗരത്തിലാണ് ആക്രമണം ഉണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 6.45നായിരുന്നു (ഇന്ത്യൻ സമയം പകൽ 9.15) വ്യോമാക്രമണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. കുട്ടികളെയാണു രാസായുധപ്രയോഗം ഏറെയും ബാധിച്ചത്.

രാസായുധ പ്രയോഗം സ്ഥിരീകരിച്ചാൽ ആറു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും നാശകരമായ ആക്രമണമായിരിക്കും ഇത്.രാസായുധ പ്രയോഗം നടത്തിയിട്ടില്ലെന്നാണു കാലങ്ങളായി സിറിയയുടെ നിലപാട്.

സിറിയൻ സർക്കാരോ റഷ്യൻ ജെറ്റുകളോ ആണു രാസായുധ ആക്രമണം നടത്തിയതെന്നാണു സിറിയയിലെ മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തത്.