പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയത് സിപിഐഎമ്മിന്റെ പ്രതികാര നടപടിയെന്ന് സെന്‍കുമാര്‍; തന്‍റെ ഔദ്യോഗിക ജീവിതം തകര്‍ത്തതിനു കാരണം പി ജയരാജന് നേരെ അന്വേഷണം നീണ്ടത്.

പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിച്ചതെന്നുമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ സുപ്രിം കോടതിയില്‍. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച് അപ്പീലിലാണ് സെന്‍കുമാര്‍ ഇടതു സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി ഗൗരവകരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

കതിരൂര്‍ മനോജ്, ടിപി ചന്ദ്ര ശേഖരന്‍, ഷൂക്കൂര്‍ വധ കേസുകളില്‍ നടത്തിയ അന്വേഷണം സര്‍ക്കാരിന് വിദ്വേഷമുണ്ടാക്കാന്‍ ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കതിരൂര്‍ മനോജ് വധകേസില്‍ പി ജയരാജിനെതിരെ നടത്തിയ അന്വേഷണ ഔദ്യോഗിക ജീവിതം തകര്‍ത്തുവെന്നും സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ പറഞ്ഞു. താന്‍ ഡിജിപി ആയിരുന്നപ്പോള്‍ കണ്ണൂരില്‍ ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് നടന്നത്. എന്നാല്‍ തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനു ശേഷം കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകം നടന്നുവെന്നും സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ പറഞ്ഞു. സംസ്ഥാന പൊലീസില്‍ നടക്കുന്ന സ്ഥലം മാറ്റം പൊലീസിന്റെ സ്ഥിതി പരിതാപകരമാണെന്നതിന് തെളിവാണെന്ന് സെന്‍കുമാര്‍ ചൂണ്ടിക്കാണിച്ചു.

40 പൊലീസ് ഉദ്യോഗസ്ഥരെയാണ് ചുമതലയേറ്റ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത്. ഇത് പൊലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസമാകുമെന്നും മുന്‍ ഡിജിപി ചൂണ്ടിക്കാണിച്ചു. ഹൈക്കോടതിയിലും, സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഉന്നയിക്കാത്ത ഗുരുതരമായ ആരോപണമാണ് മുന്‍ ഡിജിപി സുപ്രിം കോടതിയില്‍ ഉന്നയിച്ചത്.