രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്; പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും

കോണ്‍ഗ്രസ് നിയുക്ത പ്രസിഡന്റ് രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത് എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് രാഹുല്‍ എത്തുന്നത്. നേരത്തെ ശംഖുമുഖത്ത് നിശ്ചയിച്ചിരുന്ന സമ്മേളനം സുരക്ഷാ കാരണങ്ങളാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഓഖി ദുരന്തബാധിത പ്രദേശങ്ങളായ പൂന്തുറയും വിഴിഞ്ഞവും രാഹുല്‍ സന്ദര്‍ശിക്കും.

വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണ് പടയൊരുക്കത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്. രാവിലെ 11 മണിക്ക് എത്തുന്ന രാഹുല്‍ തുടര്‍ന്ന് പൂന്തുറയിലേക്കും അവിടന്ന് വിഴിഞ്ഞത്തേക്കും പോകും. മൂന്ന് മണിയോടെ തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ ബേബി ജോണ്‍ ജന്മശതാബ്ദി ആഘോഷ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷമായിരിക്കും പടയൊരുക്കത്തിന്റെ സമാപന വേദിയിലേക്ക് രാഹുല്‍ എത്തുക.