ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത ; 18 എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് വിപുലമായ ബെഞ്ചിന്

തമിഴ് നാട്ടില്‍ ടി.ടി.വി ദിനകരന് പിന്തുണ പ്രഖ്യാപിച്ച 18 എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് വിപുലമായ ബെഞ്ചിന്റെ പരിഗണനക്കു വിട്ടു. ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി,ജസ്റ്റിസ് എം.സുന്ദര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നേരത്തെ കേസ് പരിഗണിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി സ്പീക്കറുടെ തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് എം.സുന്ദര്‍ എംഎല്‍എമാര്‍ക്ക അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്.

ഇതോടെ കേസിന്റെ വിധി നീളുമെന്ന കാര്യം ഉറപ്പായി. എടപ്പാടി സര്‍ക്കാരിനു താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് നടപടി. നേരത്തെ കേസ് പരിഗണിച്ച ജഡ്ജിമാരുടെ അഭിപ്രായ ഭിന്നതയാണ് വിധി നീണ്ടുപോകാന്‍ കാരണമായത്. തമിഴ്‌നാട് മുഖ്യമന്ത്രി കെ.പളനിസ്വാമിയെ നീക്കണമെന്നാവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരന്‍ തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി കൂടി കാഴ്ച നടത്തിയിരുന്നു. പളനിസ്വാമിക്ക് ഭൂരിപക്ഷമില്ലെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്നും കൂടിക്കാഴ്ചയില്‍ ദിനകരന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. തങ്ങള്‍ക്ക് 19 എ.എല്‍.എമാരുടെ കൂടി പിന്തുണയുണ്ടെന്നും ദിനകരന്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തെയും മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. പളനിസ്വാമിക്കൊപ്പമുള്ള എം.എല്‍.എമാര്‍ക്ക് ഭരണത്തില്‍ വിശ്വാസമില്ലാതായെന്നും ഗവര്‍ണറുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ സാഹചര്യങ്ങളെല്ലാം ഗവര്‍ണര്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശരിയായ തീരുമാനമെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്ത് 22ന് പളനിസ്വാമിയോടൊപ്പമുള്ള 19 എം.എല്‍.എമാര്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് ഗവര്‍ണറെ കണ്ടിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ എം.എല്‍.എമാര്‍ പുറത്ത് വരുമെന്നും ദിനകരന്‍ വ്യക്തമാക്കി. 234 അംഗ സഭയില്‍ സ്പീക്കറടക്കം എ.ഐ.എ.ഡി.എം.കെയ്ക്ക് 135 പേരുടെ പിന്തുണയാണുള്ളത്. ഡി.എം.കെയ്ക്ക് 89 പേരുടെ പിന്തുണയും, ഐ.യു.എം.എല്‍ന് എട്ടുപേരുടെ പിന്തുണയും സഭയില്‍ ഉണ്ട്.