അടയാളപ്പെടുത്തിയ പറക്കല്‍

team kerala
ചെന്നൈയിലെ മഴമൂലം അപ്രതീക്ഷിതമായി തീവണ്ടി റദ്ദുചെയ്തപ്പോള്‍,ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനുള്ള നിലവിലെ ജേതാക്കളായ കേരളത്തിന്റെ യാത്രതന്നെ മുടങ്ങിപ്പോകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് മന്ത്രി തിരുവഞ്ചൂര്‍ അടിയന്തിരമായി ഇടപെട്ടു താരങ്ങള്‍ക്ക് വിമാന യാത്രക്കുള്ള സൗകര്യം ഒരുക്കിയത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് വിഷയം കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് പ്രത്യേക വിമാനത്തില്‍ താരങ്ങളെ അയക്കാന്‍ തീരുമാനമായത്. തമിഴ്‌നാട്ടിലെ കനത്തമഴമൂലം ബുധനാഴ്ചത്തെ ധന്‍ബാദ് എക്‌സ്പ്രസ്സും റദ്ദാക്കിയതോടെയാണ് മീറ്റില്‍ കേരള ടീമിന്റെ യാത്രമുടങ്ങിയത്. നിലവിലെ ചാമ്പ്യന്മാരാണ് കേരളം. ശനിയാഴ്ച തുടങ്ങുന്ന മീറ്റ് മാറ്റിവെക്കണമെന്ന് കേരള അത്‌ലറ്റിക് അസോസിയേഷന്‍ ദേശീയ ഫെഡറേഷനോട് അഭ്യര്‍ഥിച്ചിരുന്നു. റാഞ്ചിയില്‍ 21 മുതല്‍ 25 വരെയാണ് മീറ്റ്.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 27 വനിതാ അത്‌ലറ്റുകളുമായി ടീമിന്റെ ചീഫ് ഡി. മിഷന്‍ ഡോ. വി.സി. അലക്‌സ്, പരിശീലകന്‍ ജോര്‍ജ് തോമസ് എന്നിവര്‍ നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെട്ടത്.

ചരിത്രത്തിലാദ്യമായിട്ടാണ് കേരളത്തിന്റെ ഒരു അത്‌ലറ്റിക്‌സ് ടീം പൂര്‍ണമായും വിമാനത്തില്‍ പറക്കുന്നത്. സര്‍ക്കാര്‍ ഇങ്ങനെയൊരു അവസരം ഒരുക്കിത്തന്നതില്‍ വലിയ സന്തോഷമുണ്ട്. മീറ്റില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന സങ്കടത്തിലായിരുന്നു ഞങ്ങളെല്ലാം. ഇതിപ്പോ ഒറ്റ ദിവസം കൊണ്ട് റാഞ്ചിയിലെത്തും. യാത്രാ ക്ഷീണവും ഉണ്ടാകില്ല. മീറ്റില്‍ മികച്ച പ്രകടനം നടത്തി കേരളത്തിനായി കിരീടം നേടണം.” ടീമിലെ താരങ്ങളിലൊരാളായ പ്രഭാവതി പറഞ്ഞു.