ടീം ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രഹാന

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉപനായകന്‍ അജന്‍ക്യ രഹാന. മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ലെന്ന് അജിന്‍ക്യ രഹാന തുറന്ന് പറയുന്നു . ഇംഗ്ലണ്ട് പോലെ ഒരു വേദിയില്‍ ക്ഷമയോടെ ബാറ്റ് ചെയ്യുകയാണ് അനിവാര്യമെന്നും സ്വയം വിമര്‍ശവുമായി രഹാന നിരീക്ഷിക്കുന്നു.

‘ഇംഗ്ലീഷ് ബോളര്‍മാര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ അപകടകരമായ പന്തുകളെറിയുമ്പോള്‍, അവ തുടര്‍ച്ചയായി ഒഴിവാക്കുകയാണ് വേണ്ടത്. അതിനു പകരം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ബാറ്റുമായി എടുത്തു ചാടി വിക്കറ്റ് നഷ്ടപ്പെടുത്തി. പരമ്പരയിലെ ഇതുവരെ വരെയുള്ള ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്തിയ ബോളര്‍മാര്‍ക്ക് പിന്തുണ നല്‍കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്കു സാധിച്ചില്ല’ രഹാന പറഞ്ഞു.
പരമ്പരയില്‍ 1-3ന് പിന്നിലാണെങ്കിലും അവസാന ടെസ്റ്റ് ജയിച്ച് പര്യടനം അവസാനിപ്പിക്കാനാണ് ടീം ഉദ്ദേശിക്കുന്നതെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
ഓവലില്‍ ഇന്നാണ് അവസാന ടെസ്റ്റ് തുടങ്ങുക. ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ വിടവാങ്ങള്‍ മത്സരമെന്ന നിലയിലാണ് ഈ ടെസ്റ്റ് മത്സരം ശ്രദ്ധേയമാകുക. ഇംഗ്ലീഷ് പര്യടനത്തിന് ശേഷം ഏഷ്യ കപ്പാണ് ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റ്.