ഭീകരാക്രമണം: ഡല്‍ഹിയിലും അതിര്‍ത്തി സംസ്ഥാനങ്ങളിലും ശക്തമായ ജാഗ്രത നിര്‍ദേശം

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അതിര്‍ത്തി സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും ഐഎസ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം സുരക്ഷ സേനകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതേതുടര്‍ന്ന് അതിര്‍ത്തിയിലും രാജ്യതലസ്ഥാനത്തും കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കി.

വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍ പ്രധാന മാര്‍ക്കറ്റുകള്‍ എന്നിവടങ്ങളിലെല്ലാം നിരീക്ഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഐഎസ് ഭീകകരുടെ സാന്നിധ്യമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.അതിര്‍ത്തി വഴിയുള്ള ആക്രമണം തടയാന്‍ ബിഎസ്എഫിന് കനത്ത ജാഗ്രത നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. മധ്യപ്രദേശിലെ ഉജ്ജയിനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിന്റെ ആസുത്രകനെയാണ് ലക്‌നൗവില്‍ വധിച്ചത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശവം ഏറ്റുവാങ്ങില്ലെന്ന് പിതാവ് അറിയിച്ചു.

ലഖ്‌നൗവില്‍ ഭീകര വിരുദ്ധ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സെയ്ഫുള്ളയുടെ പിതാവ് സര്‍താജാണ് മകന്റെ ശവം ഏറ്റുവാങ്ങില്ലെന്ന് അറിയിച്ചത്. ജോലിക്ക് പോകാത്തതിന് താന്‍ ശാസിച്ചതിനെ തുടര്‍ന്നാണ് സൈഫുള്ള വീട് വിട്ടു പോയത്.

കഴിഞ്ഞ തിങ്കളാഴ്ച വിളിച്ച് സൗദിക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നെന്നും സെയ്ഫുള്ള പറഞ്ഞു. ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചത് കൊണ്ട് മകന്റെ ശവം ഏറ്റുവാങ്ങില്ലെന്ന് സര്‍താജ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.