എന്നെ ‘രാജാവിന്റെ മകന്‍ ‘ എന്ന് ആദ്യം വിളിച്ചയാള്‍: മോഹന്‍ലാല്‍

കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ‘എന്നെ ‘രാജാവിന്റെ മകന്‍ ‘ എന്ന് ആദ്യം വിളിച്ചയാള്‍…. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകന്‍….. പ്രിയപ്പെട്ട തമ്പി കണ്ണന്താനം….. കണ്ണീരോടെ വിട!’മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാല്‍ എന്ന സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകുന്നതു തന്നെ തമ്പി കണ്ണന്താനത്തിന്റെ രാജാവിന്റെ മകനിലൂടെയാണ്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ഒന്നാമന്‍ സംവിധാനം ചെയ്തതും അദ്ദേഹം തന്നെയാണ്. രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍, നാടോടി, മാന്ത്രികം, ഇന്ദ്രജാലം അങ്ങനെ നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയത്.

അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. സംസ്‌കാരം മറ്റന്നാള്‍ കാഞ്ഞിരപ്പിള്ളിയില്‍ നടക്കും.

Show More

Related Articles

Close
Close