മോദി കൗശലക്കാരാനായ ബിസിനസ് മാന്‍: ശശി തരൂര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൗശലക്കാരനായ കച്ചവടക്കാരനാണെന്നും എന്നാല്‍ കാലിയായ സഞ്ചികൊണ്ടാണ് കച്ചവടം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കൊച്ചിയില്‍ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ തന്‍റെ പുസ്തകമായ ‘വൈ അയാം എ ഹിന്ദു’വിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഹിന്ദുത്വമെന്നത് ഒരു മതമല്ല, നമ്മുടെ സാംസ്‌കാരിക പരിസരത്തില്‍ നിന്നാണ് ഹിന്ദുത്വത്തെ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദുവും മുസല്‍മാനും,ക്രിസ്ത്യനും ഒന്നാണെന്ന സന്ദേശമാണ് വിവേകാനന്ദന്‍ നല്‍കിയത്. അതുപോലെതന്നെയാണ് കോണ്‍ഗ്രസിന്റെ ആശയങ്ങള്‍. മതനിരപേക്ഷമായ ഇന്ത്യയെക്കുറിച്ചാണ് എക്കാലത്തും കോണ്‍ഗ്രസ് സംവദിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. പക്ഷെ, പല കാരണങ്ങളാല്‍ ഞങ്ങളുടെ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്താതെ പോയി. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് വീഴ്ചയുണ്ടായതായി സമ്മതിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. മാത്രമല്ല, നിരീശ്വരവാദികളെന്ന് സ്വയം അവകാശപ്പെടുന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും മതങ്ങളെ അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടാണല്ലോ കമ്മ്യൂണിസ്റ്റുകാര്‍ മന്ത്രിയാകുമ്പോള്‍ അമ്പലത്തില്‍ പോകേണ്ടിവരുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഉത്തരേന്ത്യയിലെ ഭൂരിഭാഗം ഹിന്ദുക്കളും ബാബറി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ്. പക്ഷെ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള പുരാവസ്തുലിഖിതങ്ങള്‍ പോലും അത് സത്യമല്ലെന്ന് തെളിയിക്കുന്നുണ്ട്. എന്നിട്ടും അവര്‍ അത് വിശ്വസിക്കുന്നതിന്റെ കാരണം ചില പാര്‍ട്ടിയജണ്ടകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അറിവ് തിരിച്ചറിവ് നിറവ്’ എന്ന ആശയവുമായി കൊച്ചി മറൈന്‍ ഡ്രൈവില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കൃതി അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരെയും കൃതികളെയും സാഹിത്യത്തെയും ഒരുകുടക്കീഴില്‍ എത്തിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ സംരഭമാണ് ‘കൃതി’.