കേരളത്തിന് സഹായഹസ്തവുമായി എണ്‍പതുകളിലെ താരങ്ങള്‍; 40 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി

പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ ചലച്ചിത്ര താരങ്ങള്‍ എത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറി.

താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നല്‍കുന്നതിന് കൈകോര്‍ത്തു.

സംവിധായകന്‍ മണിരത്‌നം, നടന്‍ ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്‌നി സിനിമാക്‌സ്, കാസിനോ മജോംഗ് ഫൗണ്ടേഷന്‍, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം സഹായധന സമാഹരണത്തില്‍ പങ്കാളികളായി.

എണ്‍പതുകളില്‍ സിനിമാ മേഖലയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കു പുറമെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിഹിതം കേരളത്തിനായി സ്വരൂപിക്കുകയായിരുന്നുവെന്ന് സംഭാവന കൈമാറിയശേഷം താരങ്ങള്‍ പറഞ്ഞു.