Trending

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിദഗ്ധസംഘം പരിശോധിക്കും: എഴുന്നള്ളിക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂര്‍ പൂരം എഴുന്നള്ളിപ്പില്‍ പങ്കെടുക്കാനാകുമോ എന്ന കാര്യത്തില്‍ തീരുമാനം നാളെ. മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം നാളെ ആനയുടെ ശാരീരിക ക്ഷമത പരിശോധിച്ച് ആരോഗ്യസ്ഥിതി അനുകൂലമെങ്കില്‍ മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തിടമ്പേറ്റാന്‍ അനുമതി ലഭിക്കുക.

ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നാട്ടാന നിരീക്ഷണ സമിതി യോഗത്തിന്റേതാണ് തീരുമാനം. ഇന്നു വൈകീട്ട് മൂന്നിനാണ് പരിശോധന. പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയന്ത്രണങ്ങളോടെയായിരിക്കും എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കുക.

ഒന്നര മണിക്കൂര്‍ മാത്രമായിരിക്കും എഴുന്നള്ളിപ്പിന് അനുവദിക്കുക. മെയ് 12ന് രാവിലെ ഒന്‍പത് മുതല്‍ പത്തര വരെ. ആനയുടെ സമീപത്ത് 15 ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശന അനുമതി ഉണ്ടാവുക. ആനയുടെ ഉടമയായ തെച്ചിക്കോട്ടുകാവ് ദേവസ്വം ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് നല്‍കുകയും വേണം. ആരോഗ്യ ക്ഷമത പരിശോധന നടത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ആന ഉടമ സംഘടന നേതാക്കള്‍ പറഞ്ഞു.

നിയന്ത്രണങ്ങളോടെ പൂരത്തില്‍ പങ്കെടുക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കാമെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാറിന് നിയമോപദേശം നല്‍കിയിരുന്നു. ആനക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച ഹരജിയില്‍ ജില്ലാ കലക്ടര്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാട് ഹൈക്കോടതിയും സ്വീകരിച്ചു. തെച്ചിക്കോട്ട് ഇല്ലെങ്കില്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന നിലപാടില്‍ ആന ഉടമകളും ഉറച്ച് നിന്നതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ജില്ല കലക്ടര്‍ പുനപരിശോധനക്ക് തയ്യാറാവുകയായിരുന്നു.

Show More

Related Articles

Close
Close