ആരാധകര്‍ കാത്തിരിക്കുന്ന ‘തീവണ്ടി’ ഓഗസ്റ്റ് 24ന് പ്രേക്ഷകരിലേക്ക്; ഒന്നരക്കോടി കാഴ്ചക്കാരുമായി ചിത്രത്തിലെ ‘ജീവാംശമായി’ എന്ന ഗാനം

ആരാധകര്‍ പ്രതീക്ഷയോടെയാണ് ടോവീനോ തോമസ് നായകനായെത്തുന്ന ചിത്രം ‘തീവണ്ടി’കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഓണം റിലീസായി ഓഗസ്റ്റ് 24ാം തിയതി തീവണ്ടി പ്രേക്ഷകരിലേക്ക് എത്തും.

അതേസമയം തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം ഒന്നരക്കോടിയിലധികം കാഴ്ചക്കാരെ നേടിയെന്ന സന്തോഷവാര്‍ത്തയും അണിയറപ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. ശ്രേയ ഘോഷാലും ഹരിശങ്കറും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്തത് ഏപ്രില്‍ 14 നാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൈലാസ് മേനോനാണ്.

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിനീഷ് ദാമോദരന്‍ എന്ന ചെയിന്‍ സ്‌മോക്കറുടെ വേഷമാണ് ടോവീനോ അവതരിപ്പിക്കുന്നത്. ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.

രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്.