60പേരുടെ മരണത്തിനിടയാക്കിയ തെലങ്കാന ബസ്സപകടം; ബസ് ഡ്രൈവര്‍ മികച്ച ഡ്രൈവര്‍ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ആള്‍

തെലങ്കാനയിലെ കൊണ്ടഗട്ടില്‍ ബസ് മറിഞ്ഞ് 60 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ ബസ് ഡ്രൈവര്‍ ശ്രീനിവാസ് മികച്ച ഡ്രൈവര്‍ക്കുള്ള സര്‍ക്കാരിന്റെ പുരസ്‌ക്കാരം നേടിയ ആള്‍. കഴിഞ്ഞ മാസമാണ് ശ്രീനിവാസിന് മികച്ച ഡ്രൈവര്‍ക്കുള്ള പുരസ്‌ക്കാരം തെലങ്കാന സര്‍ക്കാര്‍ നല്‍കിയത്.

ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. കൊണ്ടഗട്ടിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന ഭക്തര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മരണസംഖ്യ ഉണ്ടായ ബസ് അപകടമാണിത്. ഒട്ടേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സന്നിവാരംപേട്ടില്‍ ഡ്രൈവറുടെ നിയന്ത്രണം വിട്ട ബസ്, റോഡില്‍ നിന്ന് മുപ്പതടി താഴ്ചയില്‍ മലയടിവാരത്തിലേക്കു മറിയുകയായിരുന്നു.

മലയുടെ മുകളിലാണ് ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇറക്കത്തിലുള്ള വളവ് തിരിയുന്നതിനിടയില്‍ ബസിന്റെ ബ്രേക്ക് പൊട്ടി അടുത്തുള്ള മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു.വേഗത്തില്‍ വന്ന ബസിന്റെ ഡ്രൈവര്‍ ശ്രീനിവാസ് റോഡിലെ സ്പീഡ് ബ്രേക്കര്‍ കാണാതെ പോയതാണ് ബസ് നിയന്ത്രണം വിടാന്‍ ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാലുതവണ കരണം മറിഞ്ഞ ശേഷമാണ് ബസ് കൊക്കയില്‍ വീണത്.

88 യാത്രക്കാരാണ് തെലങ്കാന സര്‍ക്കാരിന്റെ(ടി.എസ്.ആര്‍.ടി.സി) ജഗത്യാല്‍ ഡിപ്പോയുടെ ഈ ബസില്‍ ഉണ്ടായിരുന്നത്. കൊണ്ടഗട്ടയിലെ ആഞ്ജനേയ സ്വാമി ക്ഷേത്ര ദര്‍ശനത്തിനായി എല്ലാ ചൊവ്വാഴ്ചയും ഭക്തജനങ്ങളുടെ ഒഴുക്കുണ്ടാകാറുണ്ട്. ഇതാണ് ബസ്സില്‍ തിരക്കുകൂടാനിടയാക്കിയത്. ഡ്രൈവറുള്‍പ്പെടെ 54 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബസ്സില്‍ എണ്‍പതിലേറെപ്പേരെ കുത്തിനിറച്ച് സഞ്ചരിച്ചതാണ് അപകടം രൂക്ഷമാകാനിടയാക്കിയതെന്ന് ഗ്രാമീണര്‍ പറഞ്ഞു.