തിരുപ്പതി മോഡല്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് സംവിധാനം ശബരിമലയില്‍ പൂര്‍ണ്ണമായി ഏര്‍പ്പെടുത്താന്‍ തടസങ്ങളേറെ!

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തിന് സാങ്കേതിക തടസങ്ങളേറെ. തിരുപ്പതി മോഡല്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് സംവിധാനം കാനന ക്ഷേത്രമായ ശബരിമലയില്‍ പൂര്‍ണ്ണമായി ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പുകളുടെയും വിലയിരുത്തല്‍.

തീര്‍ത്ഥാടന കാലത്ത് എരുമേലിയില്‍ നിന്നും കരിമല, ചെറിയാനവട്ടം വഴി പമ്പയില്‍ എത്തുന്നവരെയും, സത്രത്തില്‍ നിന്നും പുല്ലുമേട് ഉപ്പുപാറ വഴി സന്നിധാനത്ത് എത്തുന്നവരെയും പാസ് കൊടുത്ത് നിയന്ത്രിക്കുകയെന്നതാണ് പ്രധാന വെല്ലുവിളിയാകുന്നത്. ശബരിമലയിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുന്‍പ് യാത്ര തിരിക്കുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സമയം പാലിച്ച് എത്തുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടേക്കും.

കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്തിയാണ് അന്യസംസ്ഥാന തീര്‍ത്ഥാടക സംഘങ്ങള്‍ ശബരിമലയില്‍ എത്തുന്നത്. ഇവര്‍ കടന്ന് വരുന്ന ക്ഷേത്രങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളില്‍ ദര്‍ശനം നടത്താന്‍ കഴിയാതെ വരികയോ യാത്രാമധ്യേ ഗതാഗത തടസ്സം ഉണ്ടാക്കുകയോ ചെയ്താല്‍ ശബരിമലയിലെ ബുക്കിംഗ് സമയത്ത് എത്താന്‍ കഴിയുകയില്ല. വൈകിയെന്ന കാരണം പറഞ്ഞ് വളരെ ദൂരെ നിന്ന് എത്തുന്ന തീര്‍ത്ഥാടക സംഘങ്ങളെ പോലീസിന് തടയാനും കഴിയാത്ത സ്ഥിതിയാണുള്ളത്.

മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കാനന ക്ഷേത്രമായ ശബരിമലയില്‍ സമയ ബന്ധിതമായുള്ള തീര്‍ത്ഥാടനം അസാധ്യമാണ്. മുഴുവന്‍ പേരേയും ഒരേ സമയം സന്നിധാനത്ത് പ്രവേശിപ്പിക്കാതെ പാസ് ഏര്‍പ്പെടുത്തി തിരക്ക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലയ്ക്കലില്‍ എത്തുന്നവരെ പാസ് മുഖേന കെ.എസ്.ആര്‍.ടി. സി ബസില്‍ കടത്തിവിടാന്‍ ശ്രമിക്കാമെങ്കിലും മകരവിളക്കിന് നട തുറക്കുമ്പോള്‍ മുതല്‍ സത്രം-പുല്ലുമേട്-പാണ്ടിത്താവളം വഴി വരുന്നവര്‍ക്ക് എങ്ങനെ പാസ് നല്‍കുമെന്നതും സന്നിധാനത്ത് വരുന്നതിന് മുന്‍പ് എങ്ങനെ നിയന്ത്രിക്കുമെന്നതും ഒരു ചോദ്യചിഹ്നമാണ്. ഇതു വഴി വരുന്നവര്‍ കൊടും വനത്തിലൂടെ ഏഴ് കിലോമീറ്റര്‍ നടന്ന് വേണം സന്നിധാനത്ത് എത്താന്‍. വലിയ നടപ്പന്തലില്‍ സ്റ്റേജിനോട് ചേര്‍ന്നുള്ള ബാരിക്കേഡിനുള്ളില്‍ കൂടി കടത്തിവിട്ടാണ് ദര്‍ശനത്തിന് അയയ്ക്കുന്നത്. എരുമേലിയില്‍ നിന്നും കരിമല, ചെറിയാനവട്ടം പരമ്പരാഗത പാത വഴി നൂറ് കണക്കിന് പേരാണ് ദര്‍ശനത്തിന് എത്തുന്നത്. ഇവര്‍ പമ്പയില്‍ എത്തി അവിടെ നിന്നും മലകയറിയാണ് സന്നിധാനത്ത് എത്തുന്നത്. ഇവരെ പാസ് കൊടുത്ത് നിയന്ത്രിച്ച് കടത്തിവിടുന്ന തീരുമാനവും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

പി.ചന്ദ്രശേഖരന്‍ എ.ഡി.ജി.പിയായിരുന്ന സമയത്താണ് ശബരിമലയില്‍ പൊലീസ് വെര്‍ച്ചല്‍ ക്യൂ സംവിധാനം ആദ്യമായി കൊണ്ടു വന്നത്. തുടക്കത്തില്‍ ദിനംപ്രതി 5000 പേര്‍ക്കാണ് വെര്‍ച്ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനത്തിന് സൗകര്യം ഒരുക്കിയത്. ഇത് കഴിഞ്ഞ വര്‍ഷം പതിനയ്യായിരം മുതല്‍ ഇരുപതിനായിരം വരെ ഉയര്‍ത്തി.

പോലീസിന്റെ വെര്‍ച്ച്വല്‍ ക്യൂ ആപ്ലിക്കേഷനില്‍ കയറി ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന സ്‌ളിപ്പുമായി എത്തുന്നവരെ മരക്കൂട്ടത്ത് നിന്നും ചന്ദ്രാനന്ദന്‍ റോഡ് വഴി വലിയ നടപ്പന്തലിലെ ഒറ്റനിര ക്യൂ വിലെക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. എന്നാല്‍ ദര്‍ശനത്തിനെത്തുന്ന എല്ലാവരെയും ഈ സംവിധാനംവഴി കടത്തിവിടാനാകില്ല. തിരക്കേറുന്ന അവസരത്തില്‍ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം താളം തെറ്റുന്നത് പതിവാണ്. വെര്‍ച്ചല്‍ ക്യൂ വഴി എത്തുന്നവര്‍ക്ക് പ്രത്യേക ക്യൂവിന് വലിയ നടപ്പന്തലില്‍ സ്ഥലസൗകര്യം ഇല്ലെന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

പതിനയ്യായിരം പേരെ മാത്രം വെര്‍ച്ച്വല്‍ ക്യൂ വഴി കടത്തിവിടുമ്പോള്‍ സന്നിധാനത്ത് ആശുപത്രിക്ക് മുന്നില്‍ തിക്കും തിരക്കുമാണ്. ഈ അവസരത്തില്‍ ദര്‍ശനത്തിനെത്തുന്ന ലക്ഷോപലക്ഷം പേര്‍ക്ക് പാസ് സംവിധാനത്തിലൂടെ ദര്‍ശനം സാധ്യമാക്കുകയെന്നതില്‍ സര്‍ക്കാരിന് മുന്നില്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക.

Show More

Related Articles

Close
Close