കേരളത്തില്‍ കൊടും ചൂട്; തൃശൂരില്‍ രണ്ടു പേര്‍ക്ക് സൂര്യതാപമേറ്റു

പ്രളയത്തിന് പിന്നാലെ കേരളത്തില്‍ അനുഭവപ്പെടുന്നത് കൊടും ചൂട്. പകല്‍ ചുട്ടുപൊള്ളുന്ന ചൂടും രാത്രിയില്‍ തണുപ്പുമായ കാലാവസ്ഥയാണ് സംസ്ഥാനത്തെ പല ജില്ലകളിലും അനുഭവപ്പെടുന്നത്.  തൃശൂര്‍ ജില്ലയിലെ കടുത്ത ചൂടില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂര്യാതാപത്തിന് സമാനമായ പൊള്ളലാണിവര്‍ക്കേറ്റിരിക്കുന്നത്.

ചെറുതുരുത്തിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയാണ് തൊഴിലാളി അഞ്ചേരി മുല്ലശ്ശേരി പോളി [44], പൂത്തൂര്‍ എളംതുരുത്തി തറയില്‍ രമേശ് [43] എന്നിവര്‍ക്ക് പൊള്ളലേറ്റത്. ഇരുവരുടെയും പുറംഭാഗത്ത് കഴുത്തിന് കീഴെയാണ് ചുട്ടുപൊള്ളിയിരിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്.

പ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ സൂചനയായി വയനാട്ടില്‍ വ്യാപകമായി മണ്ണിരകള്‍ കൂട്ടത്തോടെ മണ്ണിന് പുറത്ത് വന്ന് ചത്തൊടുങ്ങുകയാണ്.

ഇതിന് പിന്നാലെ  ഇരുതലമൂരികളും മണ്ണിനടിയില്‍ നിന്ന് കൂട്ടത്തോടെ പുറത്തെത്തുന്നുണ്ട്.പ്രളയക്കെടുതിക്ക് ശേഷം നദികളിലെ ജലനിരപ്പ് ക്രമാതീതമായി കുറയുന്നതും, മണ്ണ് ചുട്ടുപൊള്ളുന്നതുമാണ് ജീവികള്‍ ചത്തൊടുങ്ങുന്നതിന് കാരണമാകുന്നത്. ഇതിന് പിന്നാലെയാണ് മനുഷ്യന്റെ ജീവിതസാഹചര്യത്തിനും കൊടും ചൂട് വില്ലനാകുന്നത്.