ടിനു പാപ്പച്ചന്റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നു, പൃഥ്വിരാജ് നായകനായെത്തുന്നു!

ആന്റണി വര്‍ഗീസിനെ നായകനായെത്തിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നു. യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ ആയിരിക്കും ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

പൃഥ്വിരാജ് നായകനാവുന്ന ഈ ചിത്രം ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഒരു മാസ്സ് ത്രില്ലെര്‍ ആയിരിക്കും എന്നാണ് സൂചന. ആര്‍ ഡി ഇല്ല്യൂമിനേഷന്റെ ബാനറില്‍ ബി ഉണ്ണികൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം ജനുവരി അവസാനത്തോടെ തുടങ്ങാന്‍ ആണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാലിനെ നായകനാക്കി തന്റെ ആദ്യ സംവിധാന സംരഭമായ ലൂസിഫര്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. നവംബര്‍ അവസാന വാരത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്ന ലൂസിഫറിന്റെ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളും തീര്‍ത്തതിന് ശേഷം ആവും പൃഥ്വിരാജ് ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക.

ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം, ബിഗ് ബജറ്റ് ചിത്രമായ കാളിയന്‍, കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ബ്രദേഴ്‌സ് ഡേ എന്നിവയാണ് പൃഥ്വിരാജ് കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങള്‍.

Show More

Related Articles

Close
Close