ടോം ജോസിനെതിരെ നടപടിയില്ല; വിജിലന്‍സ് ശുപാര്‍ശ തള്ളി

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടി വേണമെന്ന വിജിലന്‍സ് ശുപാര്‍ശ ചീഫ് സെക്രട്ടറി തള്ളി. കേസ് നിലനില്‍ക്കില്ലെന്ന് നിയമ സെക്രട്ടറിയും വ്യവസായ സെക്രട്ടറിയും ശുപാര്‍ശ ചെയ്തിരുന്നു. ടോം ജോസ് കെ‌എം‌എം‌എല്ലിന്റെ എം.ഡിയായിരുന്ന കാലത്ത് മഗ്നീഷ്യം ഇറക്കുമതി ചെയ്തതില്‍ അഴിമതി ഉണ്ടായിരുന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതില്‍ ടോം ജോസിനെ പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് എഫ്‌ഐ‌ആര്‍ സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടോം ജോസിനെ സസ്‌പെന്റ് ചെയ്യണമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയത്.

വിജിലന്‍സിന്റെ ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയുടെയും നിയമസെക്രട്ടറിയുടെയും വിശദീകരണം ചീഫ് സെക്രട്ടറി തേടിയിരുന്നു. മഗ്നീഷ്യം ഇറക്കുമതി ചെയ്യാന്‍ ആഗോള ടെണ്ടര്‍ വിളിക്കുക മാത്രമാണ് ടോം ജോസ് ചെയ്തത്. പിന്നീട് കമ്പനിയെ തെരഞ്ഞെടുത്തപ്പോഴും മഗ്നീഷ്യം ഇറക്കുമതി ചെയ്തപ്പോഴും ടോം ജോസ് ആയിരുന്നില്ല കെ‌എം‌എം‌എല്ലിന്റെ എംഡി എന്നും വ്യവസായ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.