സമരത്തിന് ഇറങ്ങുന്നവര്‍ സ്വന്തം സ്ഥാപനത്തിന്റെ നിലനില്‍പ്പു കൂടി മനസിലാക്കണം: ടോമിന്‍ തച്ചങ്കരി

ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനൊരുങ്ങുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ സ്വന്തം സ്ഥാപനത്തിന്റെ നിലനില്‍പ്പു കൂടി മനസിലാക്കണമെന്ന് സിഎംടി ടോമിന്‍ തച്ചങ്കരി. ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച ജീവനക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തച്ചങ്കരി വ്യക്തമാക്കി.

‘സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നത്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുന്നതിന് കൃത്യമായ സര്‍ക്കാര്‍ സഹായം വേണ്ടിവരുന്ന സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. അതിന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് നടപ്പാക്കുന്ന ചില കാര്യങ്ങളില്‍ ചില ഏറ്റകുറച്ചിലുകളുണ്ടാകാം. അതൊന്നും ആരുടെയും വ്യക്തിപരമായ താല്‍പ്പര്യങ്ങളായി കരുതരുതെന്നും’ അദ്ദേഹം പറഞ്ഞു.

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണം, താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്, ഇന്ധനക്ഷാമം പറഞ്ഞ് സര്‍വീസ് വെട്ടിച്ചുരുക്കുന്നത് തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിലവില്‍ വന്നിരുന്നു. ഇതുവരെ സി.എം.ഡിയെ പിന്തുണച്ചവരും ഇപ്പോള്‍ എതിര്‍പക്ഷത്താണ്. സിംഗിള്‍ ഡ്യൂട്ടി വരുന്നതോടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ ഇല്ലാതാകും.