വിമാനയാത്രാ വിവാദം: അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി ടോംപ്രൈസ് രാജിവച്ചു

ഒൗദ്യോഗിക ആവശ്യത്തിന് സ്വകാര്യ വിമാനം വാടകയ്ക്ക് എടുത്തതിനെ തുടര്‍ന്ന് വിവാദങ്ങളില്‍ അകപ്പെട്ട യുഎസ് ആരോഗ്യ മാനവവിഭവ വകുപ്പ് സെക്രട്ടറി ടോം പ്രൈസ് രാജിവെച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജി. ടോം പ്രൈസിനെതിരായ ആരോപണത്തില്‍ താന്‍ നിരാശനാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനവും. പ്രൈസിന്റെ രാജി സ്വീകരിച്ചതായും താത്കാലിക ആരോഗ്യ സെക്രട്ടറിയായി ഡോണ്‍ ജെ റൈറ്റിനെ നിയമിച്ചതായും വൈറ്റ്ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ മേയ് മുതല്‍ ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ടോം പ്രൈസ് 26 തവണ സ്വകാര്യ വിമാനയാത്ര നടത്തിയിരുന്നു. പൊതുഖജനാവില്‍ നിന്നും നാലുലക്ഷം ഡോളര്‍ ചെലവിട്ടായിരുന്നു വിമാനയാത്ര.