സുനാമി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വയസ്

സുനാമി ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 13 വയസ്. 2004 ഡിസംബര്‍ 26നായിരുന്നു രാക്ഷ തിരമാലകള്‍ സര്‍വനാശം വിതച്ചത്.  ആഞ്ഞടിച്ച രാക്ഷസത്തിരമാലകള്‍ 14 രാജ്യങ്ങളില്‍ നിന്നായി കവര്‍ന്നെടുത്തത് മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളെയായിരുന്നു. ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പമായിരുന്നു ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ അന്നുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 8.3 രേഖപ്പെടുത്തി. അതിനെ തുടര്‍ന്ന് കടലിന്റെ അടിത്തട്ടിലുണ്ടായ പ്രകമ്പനം കൂറ്റന്‍തിരമാലകളായി ലോകത്ത് പലയിടങ്ങളിലും കരയിലേക്ക് ആഞ്ഞുവീശി.

30 മീറ്റര്‍ വരെ ഉയരത്തിലാണ് തിരകള്‍ വീശിയടിച്ചത്. തമിഴ്‌നാട്ടിലും ഇന്ത്യന്‍ തീരങ്ങളില്‍ കേരളത്തിലും ആന്‍ഡമാനിലുമായി നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. 14 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം അന്നുണ്ടായെന്നാണ് കണക്കാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നായാണ് സുനാമി കണക്കാക്കപ്പെടുന്നത്. സുനാമി ഏറ്റവുമധികം നാശം വിതച്ചത് ഇന്തോനേഷ്യയിലാണ്. അവിടുത്തെ പല പ്രദേശങ്ങളും ഇന്നും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ല. സുനാമിയുണ്ടായിട്ട് 13 വര്‍ഷം പിന്നിടുമ്പോള്‍ ഓഖി ചുഴലിക്കാറ്റടിച്ച് കേരളത്തിന് നഷ്ടമായത് 80 ഓളം പേരെയാണ്. ഇനിയും 200ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.