ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ; സര്‍വീസിലുള്ള പൊലീസുകാര്‍ക്ക് വധശിക്ഷ കിട്ടുന്നത് ആദ്യം

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി എഎസ്ഐ കെ. ജിതകുമാറിനും രണ്ടാം പ്രതി സിപിഒ എസ്.വി ശ്രീകുമാറിനുമാണ് വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിഴയും ഈടാക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി ജെ. നാസറാണ് ശിക്ഷ വിധിച്ചത്. പിഴ തുകയായ നാല് ലക്ഷം രൂപ ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതിയുടെ നിരീക്ഷിച്ചു. നല്ല നടപ്പിന്റെ ആനുകൂല്യങ്ങള്‍  പ്രതികള്‍  അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. വിധി കേട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് സര്‍വീസിലുള്ള പൊലീസുകാര്‍ക്ക് വധശിക്ഷ കിട്ടുന്നത്.

കേസിലെ നാല്, അഞ്ച് ആറ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും 5,000 രൂപ പിഴയും വിധിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ സാബു, ടി.കെ ഹരിദാസ് എന്നിവരാണ് പ്രതികള്‍. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മൂന്ന് വര്‍ഷം തടവുള്ളവര്‍ക്ക് കോടതി ജാമ്യം നല്‍കി. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.