അണു ബാധയെത്തുടര്‍ന്ന് യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി:യുവതിയെ ഭര്‍ത്താവ് ജീവനോടെ ചിതയിലേക്കെടുത്തു

യുവതിയെ ഭര്‍ത്താവ് ജീവനോടെ ചിതയിലേക്കെടുത്തു യുപിയില്‍ ഇരുപത്തൊന്നുകാരിയെ ഭര്‍ത്താവ് ജീവനോടെ ദഹിപ്പിച്ചു. നോയിഡയിലെ ശാരദ ആശുപത്രി ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് യുവതിയെ ജീവനോടെ കത്തിക്കാനിടയായത്. ഞായറാഴ്ച രാത്രിയായിരുന്നു ശ്വാസകോശത്തിലെ അണു ബാധയെത്തുടര്‍ന്ന് യുവതി മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതിന് എട്ടുമണിക്കൂര്‍ ശേഷമാണ് ഭര്‍ത്താവും സംഘവും ഭാര്യയുടെ ശരീരം ചിതയിലേക്കെടുത്തത്. പക്ഷേ സ്ഥലത്തെത്തിയ യുവതിയുടെ സഹോദരന്‍ മരണത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് അലിഗര്‍ഹ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ബോഡി ചിതയില്‍ നിന്ന് പുറത്തെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 70 ശതമാനവും ശരീരം കത്തിക്കഴിഞ്ഞ ശേഷമായിരുന്നു പൊലീസ് സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ചിതയിലെടുക്കുമ്പോള്‍ യുവതിക്ക് ജീവനുണ്ടായിരുന്നതായും ചിതയില്‍ നിന്നേറ്റ തീയുടെ ആഘാതമാണ് മരണകാരണമെന്ന് അറിയുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്ന് യുവതിയുടെ അമ്മാവന്‍ മരുമകളെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നെന്ന് കാട്ടി അലിഗര്‍ഹ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചെന്നും അലിഗര്‍ഹ് പൊലീസ് സീനിയര്‍ സൂപ്രണ്ട് രാജേഷ് പാണ്ഡെ പറഞ്ഞു. അതേസമയം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിയ യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെന്നും എന്നാല്‍ പിന്നീട് മരിക്കുകയാണുണ്ടായതെന്നും ശാരദാ ആശുപത്രി അധികൃതര്‍ വാദിക്കുന്നുണ്ട്.