തങ്ങള്‍ ഉറ്റു നോക്കുന്നത് കര്‍ഷകരേയും യുവാക്കളേയും സ്ത്രീകളേയുമാണ്.യുപിയില്‍ ബിജെപി മൂന്നൂറിലധികം സീറ്റ് നേടും: അമിത് ഷാ

ഉത്തര്‍പ്രദേശില്‍ ബിജെപി മൂന്നൂറിലധികം സീറ്റുകള്‍ നേടി വമ്പന്‍ വിജയം കൈവരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.പതിനഞ്ച് വര്‍ഷമായി എസ്പിയും ബിഎസ്പിയും യുപിയില്‍ നടത്തി പോരുന്നത് വര്‍ഗീയ രാഷ്ട്രീയമാണ്. വികസനമെന്ന പേരു പറഞ്ഞ് വോട്ട് നേടി ഇവര്‍ സാധാരണക്കാരെ കബളിപ്പിക്കുകയായിരുന്നു.ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

സംസ്ഥാനത്തുടനീളം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉടലെടുത്തു കൊണ്ടിരിക്കുന്നു. കൊലപാതകങ്ങള്‍, സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ എന്നിവ യുപിയില്‍ സര്‍വ്വ സാധാരണമായിരിക്കുന്നു. മൊത്തത്തില്‍ ഇരു പാര്‍ട്ടികളേയും കൊണ്ട് പൊറുതി മുട്ടിയ യുപി ജനത ഇനി ബിജെപി ഭരണത്തിനാകും ആഗ്രഹിക്കുകയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. വോട്ട് ബാങ്കിനെ പറ്റി പരാമര്‍ശിച്ച അമിത് ഷാ, തങ്ങളുടേത് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പോലെ പഴഞ്ചന്‍ രീതികളല്ലെന്ന് വ്യക്തമാക്കി. തങ്ങള്‍ ഉറ്റു നോക്കുന്നത് കര്‍ഷകരേയും യുവാക്കളേയും സ്ത്രീകളേയുമാണ്. അല്ലാതെ മുസ്ലീം വോട്ട് മാത്രം ലക്ഷ്യം വെച്ചല്ല തങ്ങള്‍ വോട്ട് തേടുന്നത്. ഭരണഘടനാപരമായും നിയമപരമായും ആയോദ്ധ്യ രാമ ക്ഷേത്രം നിര്‍മ്മിക്കുമെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുമെന്ന് ബിജെപി പറഞ്ഞു. അത് നടപ്പായി, ജനങ്ങള്‍ ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ചു. പ്രധാനമന്ത്രിയാണ് തങ്ങളുടെ ഏറ്റവും മുതിര്‍ന്ന നേതാവ്. അദ്ദേഹത്തിന്റെ പ്രശസ്തി ഇപ്പോഴും നിര്‍വചിക്കാന്‍ പറ്റാത്തതാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ബിജെപിയുടെ മുതല്‍കൂട്ടാണ്. സ്വര്‍ണ്ണത്തെ പോലെ മോദിജി സദാ ജ്വലിച്ചു കൊണ്ടിരിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.