യുഎസ് സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു; നടപടി ഡൊണാള്‍ഡ് ട്രംപിന്റെ ജറുസലേം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച്

യുഎസ് സ്ഥാനപതിയെ പലസ്തീന്‍ തിരിച്ചുവിളിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജറൂസലേം പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. സ്ഥാനപതി ഹുസം സോംലോട്ടിനെ പിന്‍വലിക്കുകയാണെന്ന് പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഡബ്ല്യുഎഎഫ്എ ഞായറാഴ്ച അറിയിക്കുകയായിരുന്നു.

ഡിസംബര്‍ ആറിനായിരുന്നു ജറുസലമിലേക്ക് എംബസി മാറ്റുകയാണെന്ന് ട്രംപ് അറിയിച്ചത്. മധ്യ ഏഷ്യയില്‍ അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളെ അംഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പലസ്തീന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചത്.  ഐക്യരാഷ്ട്ര സംഘടന തള്ളിയതിനെ തുടര്‍ന്നു നിര്‍ജീവമായെങ്കിലും ഡൊണാള്‍ഡ് ട്രംപിന്റെ ജറൂസലേം പ്രഖ്യാപനം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയിലെ പലസ്തീന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചത്. പലസ്തീനിന്റെ നടപടിയെ തുടര്‍ന്ന് ഗാസാ മുനമ്പില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. സമാധാനത്തിന്റെ ഇടനിലക്കാരായി ഇനി അമേരിക്കയെ അംഗീകരിക്കില്ലെന്നു പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബാസ് വ്യക്തമാക്കി.