യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് റെക്‌സ് ടില്ലേഴ്‌സണെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് റെക്‌സ് ടില്ലേഴ്‌സണെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. പകരം സിഐഎ മേധാവി മൈക് പോംപിയോയെ നിയമിക്കുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിദേശനയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ട്രംപുമായി ടില്ലേഴ്‌സണ്‍ വിരുദ്ധ നിലപാടിലായിരുന്നു. ഇതിന് പുറമെ ജൂലൈ 20ലെ കാബിനറ്റ് യോഗത്തില്‍ ടില്ലേഴ്‌സണ്‍ ട്രംപിനെ മന്ദബുദ്ധിയെന്ന് വിളിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു. എന്നാല്‍ ടില്ലേഴ്‌സണ്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു.

ഉത്തരകൊറിയന്‍ പ്രശ്‌നത്തില്‍ ട്രംപും ടില്ലേര്‍സണും വിരുദ്ധ ധ്രുവങ്ങളിലാണെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉത്തരകൊറിയയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നു ടില്ലേര്‍സണ്‍ പറഞ്ഞതിനു പിന്നാലെ റോക്കറ്റ് മനുഷ്യനുമായി ചര്‍ച്ച നടത്തി സമയം പാഴാക്കുകയാണു ടില്ലേഴ്‌സണെന്ന് ട്രംപ് ആരോപിച്ചിരുന്നു.

അതേസമയം ടില്ലേഴ്‌സണ്‍ തല്‍സ്ഥാനത്ത് തുടരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്. പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ന്യൂയോര്‍ക് ടൈംസാണ് ടില്ലേഴ്‌സണെ സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.

മൈക് പോംപിയോക്ക് പകരം സിഐഎ മേധാവി സ്ഥാനത്തേക്ക് റിപബ്ലിക്കന്‍ സെനറ്റര്‍ ടോം കോട്ടണെയാകും പരിഗണിക്കുക എന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍-ജനുവരിയോട് കൂടി സ്ഥാനമാറ്റം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.