യുഎസില്‍ അതിജാഗ്രതാ നിര്‍ദേശം; ചുഴലിക്കാറ്റിന് പുറമെ കനത്ത മഴയ്ക്കും സാധ്യത!

അമേരിക്കയില്‍ അതിശക്തമായ ചുഴലിക്കാറ്റ് ‘ഫ്ളോറന്‍സ്’ തീരത്തോടടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് യുഎസില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തിയിരുന്ന അതിതീവ്രതയുള്ള ചുഴലിക്കാറ്റ് കരയിലേക്ക് വീശാന്‍ സാധ്യതയുള്ളത് പരിഗണിച്ച് വിര്‍ജീനിയ, കരോലൈനയുടെ വടക്കുകിഴക്കന്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 17 ലക്ഷത്തോളം ആളുകളാണ് ഇത്തരത്തില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറുന്നത്.

നിലവില്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയിലാണ് ഫ്ളോറന്‍സിന് കരയിലേക്ക് വരുന്നത്. ഫ്ളോറന്‍സിന് കരയോടടുക്കുമ്പോഴേക്കും തീവത്ര വര്‍ധിക്കുമെന്നും കാറ്റഗറി അഞ്ചിലുള്ള അതിഭീകര ചുഴലിക്കാറ്റായി മാറുമെന്നാണ് മയാമിലെ നാഷണല്‍ ഹുറിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ യുഎസിലെ വടക്ക്, കിഴക്കന്‍ കരോലൈന, മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

അധികൃതര്‍ നിര്‍ദേശിക്കുമ്പോള്‍ മടികൂടാതെ ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് പുറമെ കനത്ത മഴയ്ക്കും പ്രദേശത്ത് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 38 മുതല്‍ 50 സെന്റീമീറ്റര്‍വരെ മഴയാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ചുഴലിക്കാറ്റ് വീശുന്ന പ്രദേശങ്ങളില്‍ 13 അടി വരെ വെള്ളം ഉയരുന്നത് സാധ്യതയുണ്ട്. അതു കൊണ്ട് ആളുകള്‍ എത്രയും വേഗം വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത മേഖലകളില്‍ മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചുണ്ട്.

ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും അവധി പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടത്തോടെ വീട് ഒഴിഞ്ഞ് പോകുന്നത് കാരണം ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ആളുകള്‍ കൂട്ടത്തോടെ പോകുമ്പോള്‍ ഗതാഗത സ്തംഭനം ഉണ്ടായത് പരിഗണിച്ചാണ് ഈ തീരുമാനമെന്നും അധികൃതര്‍ വ്യക്തമാക്കി.