ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം റദ്ദാക്കി

ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി.

കോടതിതീരുമാനം കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയായി. സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം സംശയാസ്പദമാണെന്നും പ്രസിഡന്റിനു പോലും തെറ്റ് പറ്റാമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. നിയമത്തിന് മുകളിലല്ല രാഷ്ടപതിയുടെ ഉത്തരവെന്നും ഹൈക്കോടതി പറഞ്ഞു.

രാഷ്ട്രപതിയുടെ ഉത്തരവിനെ കോടതിയ്ക്ക് ചോദ്യം ചെയ്യാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ എതിര്‍ത്ത കോടതി രാജാവിന്റെ തീരുമാനം പോലെ നിയമത്തിന് മുകളിലല്ല രാഷ്ടപതിയുടെ ഉത്തരവെന്ന് പറഞ്ഞു. രാഷ്ട്രപതിക്കും തെറ്റുപറ്റാം. എല്ലാം നിയമത്തിന് വിധേയമാണ്. നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയും അതുതന്നെയാണെന്ന് കോടതി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കവരുകയാണെന്നും ഡല്‍ഹിയിലിരുന്ന് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. ഒമ്പത് വിമത എംഎല്‍എമാര്‍ കൂറുമാറിയതിനെത്തുടര്‍ന്നാണ് ഉത്തരാഖണ്ഡില്‍ പ്രതിസന്ധിയുണ്ടായത്. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ ഒരുമാസം മുമ്പാണ് രാഷ്ട്രപതി അംഗീകരിച്ചത്.