വരാപ്പുഴ കസ്റ്റഡി കൊലപാതകം; എസ്പി എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍

വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിന് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ജോര്‍ജിനെതിരെ വകുപ്പ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു. ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്.പിക്ക് കീഴിലുള്ള ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ഡി.ജി.പിയുടെ അനുമതി ഇല്ലാതെയായിരുന്നു. ആര്‍.ടി.എഫിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പല കേസുകളിലും ആര്‍.ടി.എഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.