വരട്ടാറിന്‍റെ തീരത്ത് നൊമ്പരത്തിന്‍റെ ഒരു ‘മൈല്‍’ക്കുറ്റി.

വരട്ടാറിന്‍റെ തീരത്തെ പഴയ ഒരു ‘മൈല്‍’ക്കുറ്റി നമുക്ക് സമ്മാനിക്കുന്നത് ചില ഓര്‍മകള്‍ ആണ്.എനിക്കത് നൊമ്പരമാണെങ്കില്‍ .നിങ്ങള്‍ക്കത് ഒരു പക്ഷെ മറിച്ചായേക്കാം. ശ്രദ്ധിച്ചുനോക്കിയാല്‍ ഇതില്‍ വരട്ടാര്‍ എന്നു കാണാം., അതിനു താഴെ, ഇടനാട്‌ 10 എന്ന് എഴുതി അമ്പ്‌ ചിഹ്നം ഇട്ടിരിക്കുന്നതും, ഇരമല്ലിക്കര, മൂന്ന് എന്ന് കൊത്തിയിരിക്കുന്നതും കാണാം. നിശ്ചയമായും ഈ അളവ് മൈലില്‍ അല്ല. കിലോമീറ്ററില്‍ ആണ്.

പണ്ടത്തെ യാത്രാമാര്‍ഗമായിരുന്ന നദികളില്‍ ലോകമെങ്ങും ഇത്തരം ദൂരപ്രദര്‍ശിനികള്‍, ദിശാസൂചികള്‍ ഉണ്ടായിരുന്നു, ഇന്ന് റോഡുകളില്‍ കാണുന്നതുപോലെ. നല്ല പൊക്കമുള്ള ഈ കല്ല്‌ നില്‍ക്കുന്നത് തിരുവന്‍വണ്ടൂരില്‍ ആണെന്ന് മാത്രം പറയട്ടെ. (എവിടെ എന്ന് തല്‍ക്കാലം പറയുന്നില്ല.) ആറ്റുതീരത്തെ അതിന്‍റെ തലയുയര്‍ത്തിയുള്ള ആ നില്‍പ്പ് തന്നെ ഒരു കാഴ്ചയാണ്. കൌതുകക്കാഴ്ച്ചയല്ല! നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ച!

ആ വേദനയ്ക്ക് കാരണം, ഒരു വലിയ നഷ്ടപ്പെടലാണ്. ആ നഷ്ടപ്പെടലിനെ ഓര്‍മിപ്പിക്കുന്ന ഒരു ചരിത്രപ്രതീകം ആണ് ഇന്ന് ഈ കല്ല്‌. അത് തന്നെയാണ് ഇന്ന് ഇതിന്‍റെ പ്രസക്തിയും. എത്രയോ കാലം താന്‍ സാക്ഷിയായി നിന്ന, തന്‍റെ പ്രിയനദികയുടെ അവസാനഖണ്ഡം എങ്ങനെയോ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷമായിരിക്കുന്നു. അതില്‍ത്തന്നെ അഭിലേഖനം ചെയ്തിരിക്കുന്ന ആ മൂന്നു കിലോമീറ്ററാണ് അങ്ങനെ നഷ്ടപ്പെട്ടത്. ഏതോ കാലം നദി വളഞ്ഞു വടക്കോട്ടേക്കിറങ്ങിയിരുന്ന , നഷ്ടപ്പെട്ട ആ വഴിക്ക് ലംബമായാണ് ഇതിന്‍റെ നില്‍പ്പ്. താഴെ നിന്ന് വന്നു കയറുന്നവര്‍ക്ക് ഇടനാട്ടിലേക്കും, മുകളില്‍നിന്നും വരുന്നവര്‍ക്ക് മണിമലയാറ്റിലേക്കും ഗതിസൂചകമായി, ആ സന്ധിയില്‍ ഇത് കുറേക്കാലം കര്‍മനിരതനായിരുന്നു.

വരട്ടാര്‍, ആ വിശാലമായ വഴിയില്‍ കൂടി ഒഴുകി മണിമലയാറ്റില്‍ സംലയിച്ചിട്ട്‌ എത്ര ദശാബ്ദങ്ങളായി? ഒരു നദീമുഖത്തെയാണ് അങ്ങനെ നാം നഷ്ടപ്പെടുത്തിയത്… നദിക്ക്‌ അവശ്യം ഉണ്ടാവേണ്ട ജൈവസംപുഷ്ടിയുള്ള ഒരു മുഖം… അതിനുപകരം, ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ച, എട്ടു മീറ്റര്‍ മാത്രം വീതിയുള്ള ഒരു കനാലില്‍ കൂടി ചരിത്രപരമായി, പാരിസ്ഥിതികമായി, ഏറെ നിര്‍ണ്ണായകമായ ഈ നദിയെ നാം എത്രകാലം ഇങ്ങനെ ഒഴുക്കി കൊണ്ടേയിരിക്കും?

ഒരു പ്രതീക്ഷയോടെയും അല്ല ഈ പാവം കല്‍ക്കുറ്റി ഇവിടെ നില്‍ക്കുന്നത്. ഒരു പക്ഷെ, താന്‍ പ്രതീകവല്‍ക്കരിക്കുന്ന, ആ ‘അപകടകരമായ ഓര്‍മ്മപ്പെടു’ത്തല്‍ തന്‍റെ ‘നിലനില്‍പ്പി’നു തന്നെ ഭീഷണിയും ആയേക്കും എന്നും അതിനറിയാം. എന്നുവച്ചാല്‍, ഒരുപക്ഷെ, അത് നാളെ പിഴുതുകളയപ്പെട്ടേക്കും എന്ന്.

നദീനഷ്ടങ്ങളുടെ ഒരു വലിയ ചരിത്രം ലോകത്തുണ്ട്. അതിലേക്ക്‌, ലോകത്തിലെ ഏക ‌ മൃതനദികളുടെ നഗരമായ, നമ്മുടെ ചെങ്ങന്നൂരില്‍ നിന്ന് ഇതാ ഈ നദീഖണ്ഡം കൂടി!

അടിക്കുറിപ്പ്:- കഴിഞ്ഞവര്‍ഷം(2016) ജൂണ്‍ ഏഴിന് കേന്ദ്ര ജലവിഭവ മന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് പമ്പാതടംസന്ദര്‍ശിച്ച Central Water Commission(CWC) അംഗങ്ങള്‍ക്ക്, ഞങ്ങള്‍ അക്ഷയപമ്പാമിഷന്‍ കൊടുത്തത് ഈ ഖണ്ഡം കൂടി ഉള്ള വരട്ടാറിനെ പുനരധിവസിപ്പിക്കാനുള്ള നിവേദനമാണ്. ഈ പുതിയ നീക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്വഭാവമുള്ള എല്ലാവരുടെയും മുമ്പില്‍ ഞങ്ങള്‍ ഇത് അവതരിപ്പിച്ചിട്ടും ഉണ്ട്. ശ്രീമതി ബീനാ ഗോവിന്ദന്‍ മുതല്‍, ഡോ. അജയകുമാരവര്‍മ മുതല്‍, ഇറിഗേഷന്‍ എന്‍ജിനീയര്‍മാര്‍ വരെ എല്ലാവരും അതില്‍ പെടും. വലിയ സങ്കീര്‍ണതകള്‍ ഉള്ള വിഷയമാണ്എന്നത് ആരും പറയാതെതന്നെ അറിയാം…പക്ഷെ? പക്ഷെ?