വന്‍ നാശം വിതച്ച് വര്‍ധ കൊടുങ്കാറ്റ്

വര്‍ധ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത നാശം വിതച്ചു. കനത്ത മഴയിലും കാറ്റിലും തമിഴ്‌നാടിന്റെ വിവിധയിടങ്ങളിലായിനാലു പേര്‍ മരിച്ചു.വന്‍ മരങ്ങള്‍ കടപുഴകി. നൂറുകണക്കിന് കെട്ടിടങ്ങളും തകര്‍ന്നു. വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായി.
പല സ്ഥലത്തും വൈദ്യുതി ബന്ധം താറുമാറായി. തമിഴ്‌നാട്ടിലും ആന്ധ്രയിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. പത്ത് ദിവസത്തേക്ക് മഴ തുടരുമെന്നാണ് സൂചന. വര്‍ധ ഇന്ന് കര്‍ണ്ണാടകത്തില്‍ എത്തുമെന്നാണ് സൂചന.നാളെ ഗോവ കടക്കും.

തമിഴ്‌നാട്ടില്‍ 7357 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 54 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ദേശീയ ദുരന്ത നിവാരണ ഫണ്ട് മേധാവി ആര്‍.കെ.പഞ്ചാനന്ദ പറഞ്ഞു. മദ്രാസ് ഐഐടി, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് കാമ്പസ് എന്നിവിടങ്ങളില്‍ നൂറ് കണക്കിന് മരങ്ങള്‍ കടപുഴകി. നഗരത്തില്‍ പലയിടത്തും മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു.

ആന്ധ്രാ തീരത്ത് നിന്ന് 9400ത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധയിടങ്ങളിലായി 266 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചു.  ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. സബര്‍ബന്‍ ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തി. ചെന്നൈയില്‍ നിന്നുളള തിരുവനന്തപുരം മെയില്‍ അടക്കം പതിനേഴ് ട്രെയിനുകള്‍ റദ്ദാക്കി.

ദേശീയ ദുരന്ത നിവാരണ സേനയുടെ 19 സംഘത്തെ തമിഴ്‌നാട്ടിലും ആന്ധ്രയിലുമായി വിന്യസിച്ചു. അടുത്ത മുപ്പത്താറു മണിക്കൂറില്‍ കടലില്‍ പോകരുതെന്ന് മീന്‍പിടിത്തക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. കല്‍പ്പാക്കം ആണവനിലയത്തില്‍ ശക്തമായ സുരക്ഷാ നടപടികള്‍ എടുത്തിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തീരരക്ഷാ സേനാ, നാവിക സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവയെ സന്നദ്ധമാക്കി നിര്‍ത്തിയിട്ടുണ്ട്. ഐഎന്‍എസ് ശിവാലിക്, ഐഎന്‍എസ് കടമത്ത് എന്നീ സേനാക്കപ്പലുകള്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. വിദഗ്ധര്‍, മുങ്ങല്‍ വിദഗ്ധര്‍, മരുന്ന്, പുതപ്പ്, ഭക്ഷണം എന്നിവയാണ് ഇവയിലുള്ളത്.
ഇന്നലെ ഉച്ചയോടെ വീശിയടിക്കാന്‍ തുടങ്ങിയ കാറ്റിന്റെ വേഗത അഞ്ചു മണിയോടെ കുറഞ്ഞു. ഞായറാഴ്ച രാത്രി ചെന്നൈയില്‍ മഴ തുടങ്ങിയിരുന്നു. ഇന്ന് വൈകിട്ട് വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുളളത്.

മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തരസാഹചര്യത്തെ നേരിടാന്‍ കര, നാവിക, വ്യോമസേനകള്‍ സുസജ്ജമാണ്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഭക്ഷ്യവിഭവങ്ങള്‍ ആവശ്യത്തിന് സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ജനങ്ങള്‍ വീടിനുളളില്‍ തന്നെ ഇരിക്കണമെന്നും ആവശ്യത്തിന് ഭക്ഷണസാധനങ്ങള്‍ ശേഖരിച്ച് വയ്ക്കണമെന്നും അധികൃതര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സുരക്ഷ കണക്കിലെടുത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവളളൂര്‍ ജില്ലകളിലെയും വില്ലുപുരം ജില്ലയിലെ കടലോര താലൂക്കുകളിലെയും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്നലെ അവധി നല്‍കിയിരുന്നു. ഇന്നലെയും ഇന്നും നടക്കേണ്ടിയിരുന്ന എല്ലാ പരീക്ഷകളും അണ്ണാ സര്‍വകലാശാല മാറ്റിവച്ചു.