മുഖ്യമന്ത്രിയുടെ വീട്ടിലെ പശുവാണ് വിജിലന്‍സെന്ന് വി ഡി സതീശന്‍

ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ പശുവാണെന്ന് വി.ഡി.സതീശന്‍ എംഎല്‍എ. ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര് മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സതീശന്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി.

കൂട്ടിലടച്ച തത്തയെപ്പോലെയല്ല മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവിനെപ്പോലെയാണ് ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വലിയ കേസുകള്‍ ഏറ്റെടുക്കേണ്ടെന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ ജേക്കബ് തോമസിനെ ആര് അധികാരം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഭസ്മാസുരന് വരം കൊടുത്തതുപോലെയാണ് ജേക്കബ് തോമസിന്റെ പ്രവര്‍ത്തികള്‍.

ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് മൂലം അതീവ പ്രാധാന്യമുള്ള ഫയലുകള്‍ പോലും ബിനാമി കൈകളില്‍ എത്തുകയാണെന്നും ഇവ പകപോക്കലിനായി കോടതിയില്‍ ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം ഭരണസ്തംഭനമില്ലെന്നും നന്നായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച സംഭവം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനായ സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളി.