ലോറി സമരം:പച്ചക്കറി വില കുതിച്ചുയര്‍ന്നു

ലോറി സമരം തുടരുന്നതോടെ, സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി എത്തുന്നത് കുറഞ്ഞതിനെ തുടര്‍ന്നാണ് പച്ചക്കറി വില ക്രമാതീതമായി ഉയര്‍ന്നത്. സമരം തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് സൂചന. ഉത്തരേന്ത്യയില്‍പ്പോലും ഉരുളക്കിഴങ്ങ് കിട്ടാനില്ലാത്ത സ്ഥിതിയാണ് നിലവില്‍.

പല പച്ചക്കറികള്‍ക്കും ഒറ്റയടിക്ക് 20 രൂപയിലധികം കൂടി. ഉരുളക്കിഴങ്ങിനാണ് ഏറ്റവും ക്ഷാമം. അതുകൊണ്ട് തന്നെ മുപ്പത് ശതമാനത്തിലധികം വര്‍ദ്ധനയാണ് ഉരുളക്കിഴങ്ങിന് ഉണ്ടായിരിക്കുന്നത്. ഇങ്ങെ തുടര്‍ന്നാല്‍ ഉരുളക്കിഴങ്ങി മാര്‍ക്കറ്റിലെത്തുമോ എന്നുപോലും സംശയമാണ്. സവാള, മുളക്, കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ് തുടങ്ങി മിക്ക പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്.

വില കാര്യമായി ഉയര്‍ന്നില്ലെങ്കിലും പലചരക്ക് വിപണിയിലും പ്രതിസന്ധി രൂക്ഷമാണ്. പലയിടത്തും സാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നു തുടങ്ങി. പണിമുടക്ക് ഇനിയും തുടര്‍ന്നാല്‍ ഓണം വിപണിയിലേക്ക് അരിയും മറ്റ് സാധനങ്ങളും എങ്ങിനെ എത്തിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്നത്. സമരം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ട ലോറികള്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. ചെറിയ ലോറികളില്‍ ചരക്കുകളെത്തിക്കാന്‍ നല്‍കുന്ന ഉയര്‍ന്ന തുക വിലക്കയറ്റത്തിന് കാരണമാവും. സമരം വ്യവസായ മേഖലയെയും നിര്‍മ്മാണമേഖലയെയും ബാധിച്ചിട്ടുണ്ട്.