ഈഴവ മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ല; മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചവര്‍ക്കെതിരെ വെള്ളാപ്പള്ളി

ശബരിമല വിഷയത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും തെറി വിളിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ഈഴവ സമുദായത്തില്‍പ്പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇവിടുത്തെ സവര്‍ണ സമുദായം ഇപ്പോഴും ഈഴവരെ അടിയാളരായാണ് കാണുന്നത്. ഈഴവനെയും തീയനെയും പട്ടിക ജാതിക്കാരെയും അംഗീകരിക്കാന്‍ ഇവരൊന്നും തയ്യാറല്ല. സവര്‍ണ സമുദായം ഈഴവരെയടക്കം ഏറ്റവും വലിയ ശത്രുവായാണ് കാണുന്നത്. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവര്‍ക്ക് സഹിക്കാനാകുന്നില്ല.’-വെള്ളാപ്പള്ളി പറഞ്ഞു.

സവര്‍ണ മുഖ്യമന്ത്രി ഉണ്ടാകുന്നതാണ് അവര്‍ക്ക് താല്‍പ്പര്യം. ചോവനെന്നടക്കം ഒരു മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള നാവ് പൊങ്ങണമെങ്കില്‍ എത്രത്തോളം വര്‍ഗീയ ചിന്ത അവരില്‍ ഉണ്ടെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഏത് ഭരണം വന്നാലും അതിനകത്ത് കടന്ന് കയറി തങ്ങളുടെ ആവശ്യവും അജണ്ടയും നടപ്പിലാക്കണമെന്നതാണ് സവര്‍ണരുടെ നിലപാട്. പിണറായിയെ ഒരു ചോവന്‍ ആയിട്ടല്ലാതെ മുഖ്യമന്ത്രിയായി കാണാനുള്ള മനസ് അവര്‍ക്കുണ്ടാകില്ല. അത് വായിലൂടെ ഇന്ന് പുറത്തുവന്നു
എന്ന് മാത്രം. എല്ലാവരും ഒരുമയോടെ സമത്വസുന്ദരമായി കഴിയുന്ന അന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close