മന്‍മോഹന്‍സിങിനെതിരായ പാക് ആരോപണം; ആരും മാപ്പ് പറയില്ലെന്ന് വെങ്കയ്യ നായിഡു

ഡോ. മന്‍മോഹന്‍ സിങ്ങിനു പാക്ക് ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മോദി നടത്തിയ പരാമര്‍ശത്തിന് ആരും മാപ്പ് പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭയില്‍ ബഹളംവച്ച പ്രതിപക്ഷാംഗങ്ങളോടാണ് ‘ആരും മാപ്പു പറയാന്‍ പോകുന്നില്ലെന്ന്’ രോഷാകുലനായി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്.

പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത് പാര്‍ലമെന്റിലല്ലെന്നും അതുകൊണ്ടുതന്നെ ഇവിടെ ആരും മാപ്പു പറയാന്‍ പോകുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പാര്‍ലമെന്റില്‍ പ്രതിഷേധിക്കേണ്ട രീതി ഇതല്ലെന്നും ഉപരാഷ്ട്രപതി കൂടിയായ വെങ്കയ്യ നായിഡു പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.

ഇതല്ല പ്രതിഷേധിക്കേണ്ട രീതി. ഇവിടെ ആരും മാപ്പു പറയാന്‍ പോകുന്നില്ല. അതിനു മാത്രം ഇവിടെ ഒന്നും സംഭവിച്ചിട്ടുമില്ല. ഈ പറഞ്ഞ പ്രസ്താവന പ്രധാനമന്ത്രി നടത്തിയത് ഇവിടെവച്ചല്ലെന്നും രാജ്യസഭാ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് മോദി ആരോപിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് മന്‍മോഹന്‍സിങ്ങും മറുപടി കൊടുത്തു. ഇതിനതെിരെ നിരവധി പേരാണ് പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നത്.

തുടര്‍ന്ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ഉച്ചയ്ക്കു രണ്ടുമണിവരെ ഇരുസഭകളും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പിന്നീടു ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ രാജ്യസഭ പിരിഞ്ഞു.