രാജ്യത്തെയല്ലാതെ അഫ്സൽ ഗുരുവിനെയോ സല്യൂട്ട് ചെയ്യേണ്ടത്? ഉപരാഷ്ട്രപതി

ദേശീയ ഗീതമായ ‘വന്ദേമാതരം’ പാടുന്നതു സംബന്ധിച്ച വിവാദത്തിൽ പങ്കുചേർന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.മാതൃരാജ്യത്തെയല്ലാതെ അഫ്സൽ ഗുരുവിനെയാണോ സല്യൂട്ട് ചെയ്യേണ്ടതെന്ന ചോദ്യമാണു വിഎച്ച്പി നേതാവ് അശോക് സിംഗളിനെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കവെ ഉപരാഷ്ട്രപതി ചോദിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ യോഗം ആരംഭിക്കുന്നതിനു മുൻപ് വന്ദേമാതരം പാടണമെന്നു നിർബന്ധമില്ലെന്ന് വ്യക്തമാക്കി യുപി മീററ്റിലെ വനിതാ മേയർ സുനിത വർമ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു വെങ്കയ്യ. മുനിസിപ്പാലിറ്റികളുടെ ഭരണഘടന അനുസരിച്ചു ദേശീയഗാനമായ ‘ജനഗണമന’യാണു യോഗങ്ങൾക്കുമുൻപു പാടേണ്ടതെന്നും സുനിത വർമ പറഞ്ഞിരുന്നു. യോഗങ്ങൾക്കുമുൻപ് വന്ദേമാതരം പാടണമെന്ന ഉത്തരവ് മീററ്റിലെ മുൻ ഭരണകൂടം പുറത്തിറക്കിയിരുന്നു.

ബിജെപിയെ തോൽപിച്ച് ബിഎസ്പി പിടിച്ചെടുത്ത സീറ്റാണ് മീററ്റിലേത്. മാതൃരാജ്യത്തെ വന്ദിക്കുന്ന പാട്ട് പാടുന്നതിനു ചിലയാളുകൾ മടികാണിക്കുന്നതിൽ അദ്ഭുതപ്പെടുന്നുവെന്നാണ് വെങ്കയയുടെ നിലപാട്. വന്ദേമാതരം എന്നാൽ അമ്മയ്ക്കു സല്യൂട്ട് എന്നാണ് അർഥം. അതു പാടുന്നതിൽ എന്താണു തെറ്റ്. മാതാവിനെ വന്ദിച്ചില്ലെങ്കിൽ വേറെ ആരെയാണു വന്ദിക്കുക? അഫ്സൽ ഗുരുവിനെയാണോ? ഹിന്ദുമതം നമ്മുടെ സംസ്കാരമാണ്, പാരമ്പര്യമാണ്. അതിനെ ഇടുങ്ങിയ ചിന്താഗതിയിൽ കാണാനാണു ചിലയാളുകൾ ആഗ്രഹിക്കുന്നത്. രാജ്യഭക്തിയെയും ദേശസ്നേഹത്തെയും ചിലർ ആക്രമിക്കുന്നു. ഭാരത് മാതാ കീ ജയ് എന്നതു ജാതി, മതം, നിറം, വർഗം വ്യത്യാസമില്ലാത്ത രാജ്യത്തെ 130 കോടി ജനങ്ങൾക്കുള്ളതാണ്, വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.