ഏഴ് വലിയ ബാഗുകളുമായി ജെറ്റ് എയര്‍വെയ്സില്‍ കയറി

മദ്യരാജാവ് വിജയ് മല്യക്ക് പിന്നാലെയാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും. വിജയ് മല്യ എങ്ങനെയാണ് രാജ്യത്ത് നിന്നു മുങ്ങിയതെന്ന കാര്യം വ്യക്തമല്ലായിരുന്നു. മാര്‍ച്ച് രണ്ടിന് ജെറ്റ് എയര്‍വേസില്‍ കയറിയാണ് വിജയ് മല്യ വിദേശത്തേക്ക് പറന്നത്. ഉച്ചയ്ക്ക് 1.30തിനുള്ള വിമാനത്തിലാണ് പോയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കുകളെ ഇളിഭ്യരാക്കി മുങ്ങിയ വിജയ് മല്യ രാജ്യം വിടുമ്പോള്‍ കൈയ്യില്‍ ഏഴ് വലിയ ബാഗുകള്‍ കരുതിയിരുന്നു. വലിയ പെട്ടികളുമായിട്ടാണ് വിജയ് മല്യ ദില്ലി വിമാനത്താവളത്തിലെത്തിയത്. ദില്ലി-ലണ്ടന്‍ 9ഡബ്ല്യൂ 122 വിമാനത്തിലാണ് പറന്നുയര്‍ന്നത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റാണ് വിജയ് മല്യ ബുക്ക് ചെയ്തതെന്നുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

നേരത്തെ സര്‍ക്കാരിന്റെയും അധികൃതരുടെയും കണ്ണുവെട്ടിച്ചാണ് മല്യ കടന്നതെന്ന് പറഞ്ഞിരുന്നു. സ്വന്തം വിമാനത്തിലാണ് വിദേശത്തേക്ക് പോയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അങ്ങനെയല്ലെന്നാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്പോള്‍ മല്യയെ രാജ്യം വിട്ട് പോകാന്‍ ആരാണ് സഹായിച്ചത്? ഇതില്‍ പോലീസിനും സര്‍ക്കാരിനും പങ്കുണ്ടോ? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

17ബാങ്കുകള്‍ക്കും കൂടി 9000കോടി നല്‍കാനുള്ള വിജയ് മല്യ ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുകയാണെന്നും പറയുന്നു. 30ഏക്കറില്‍ സ്ഥിതിചെയ്യുന്ന കൊട്ടാരം പോലുള്ള വസതിയിലാണത്രേ വിജയ് മല്യ ഇപ്പോള്‍ ഉള്ളത്.