മല്യക്കായി ഇന്ത്യയില്‍ വിഐപി ജയില്‍ മുറി; പൂര്‍ത്തിയായിരിക്കുന്നത് യൂറോപ്യന്‍ നിലവാരത്തില്‍

വിജയ് മല്യയെ വിട്ടുകിട്ടാന്‍ ബ്രിട്ടണില്‍ നടക്കുന്ന കേസിന്റെ വാദം തീരാനിരിക്കെ, മല്യയ്ക്കു മേല്‍ പിടിമുറുക്കി ഇന്ത്യ. യൂറോപ്യന്‍ നിലവാരത്തിലുള്ള ജയില്‍മുറി മല്യക്കായി രാജ്യത്ത് ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യയുടെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.  ഒന്‍പതിനായിരം കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ മല്യ ഇന്ത്യയിലെ ജയിലുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമമാണു ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. ഇതോടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന തടവറകളാണ് ഇന്ത്യയിലുള്ളതെന്ന മല്യയുടെ വാദം ഇനി വിലപ്പോവില്ല.കടുത്ത പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമുള്ള മല്യയ്ക്ക് അയാളുടെ ആവശ്യമനുസരിച്ച് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും സിബിഐ ബോധിപ്പിച്ചു.

കേസിന്റെ അവസാന വാദം ജൂലൈ 11നാണ് നടക്കുക. മല്യയ്‌ക്കെതിരെ സിബിഐ നല്‍കിയ വായ്പത്തട്ടിപ്പിന്റെ തെളിവുകള്‍ സ്വീകാര്യമാണെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചതു സംബന്ധിച്ച തെളിവുകള്‍ കൂടി ഇനി ഹാജരാക്കേണ്ടതുണ്ട്.