മല്യ വിദേശത്തേക്ക് പോകുന്നതിന് നാല് ദിവസം മുന്‍പ് അഭിഭാഷകന്‍ എസ്ബിഐയോട് പറഞ്ഞിരുന്നു, കോടതി വഴി യാത്ര തടയണമെന്ന്

വിവാദ വ്യവസായി വിജയ് മല്യ രാജ്യത്തുനിന്ന് വിദേശത്തേക്ക് കടക്കുന്നതിന് നാല് ദിവസം മുന്‍പ്, യാത്ര കോടതി വഴി തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ എസ്ബിഐയേ സമീപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ ദുഷ്യന്ത് ധാവേ തന്നെയാണ് താന്‍ എസ്ബിഐയോട് ഇക്കാര്യം പറഞ്ഞിരുന്നു എന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തോട് നടത്തിയിരിക്കുന്നത്.

എസ്ബിഐയുടെ മാനേജ്‌മെന്റ് തലത്തിലുള്ള ആളുകള്‍ക്ക് മല്യ രാജ്യം വിട്ടേക്കുമെന്ന തോന്നലുണ്ടായിരുന്നുവെന്നും ദുഷ്യന്ത് പറഞ്ഞു. തന്റെ നിര്‍ദ്ദേശം എസ്ബിഐയുടെ തലപ്പത്തുള്ള എല്ലാവരും അറിഞ്ഞിരുന്നു. എന്നാല്‍, യാതൊരു നടപടിയും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. താന്‍ ഇക്കാര്യം പറഞ്ഞ് നാലാം ദിവസം മല്യ നാടുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ദുഷ്യന്തിന്റെ ഈ വെളിപ്പെടുത്തലിനെക്കുറിച്ച് അന്നത്തെ എസ്ബിഐ ചെയര്‍പേഴ്‌സണായിരുന്ന അരുന്ധതി ഭട്ടാചാര്യയോട് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം ചോദിച്ചപ്പോള്‍, താന്‍ ഇപ്പോള്‍ എസ്ബിഐയുടെ ഭാഗമല്ല, നിങ്ങള്‍ നിലവിലെ മാനേജ്‌മെന്റ് അംഗങ്ങളോട് ചോദിക്കു എന്നായിരുന്നു ലഭിച്ച മറുപടി.
എസ്ബിഐയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന ആരോപണം എസ്ബിഐ വക്താവ് നിഷേധിച്ചു. ലോണുകള്‍ തിരിച്ചുപിടിക്കാന്‍ ബാങ്ക് ശക്തമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും വക്താവ് പറഞ്ഞു.

വിജയ് മല്യ രാജ്യം വിട്ടതിന് ശേഷം മാത്രമാണ് 17 ബാങ്കുകള്‍ അടങ്ങിയ കണ്‍സോര്‍ഷ്യം സുപ്രീംകോടതിയെ സമീപിച്ചത്.