വിക്രമിന്റെ മകന്‍ ധ്രുവിന്റെ കാര്‍ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഇടിച്ച ശേഷം ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഈ ഓട്ടോയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്ക് ഏറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

മാരുതി സുസൂക്കി ബലേനോ കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ധ്രുവ് സഞ്ചരിച്ചിരുന്നത്. ഈ വര്‍ഷം അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ധ്രുവ്. ചെന്നൈയിലെ തേനാംപെട്ടില്‍ പുലര്‍ച്ചെ ആയിരുന്നു അപകടമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാഹനം ഓടിച്ചിരുന്നത് ധ്രുവ് ആണോ എന്ന് വ്യക്തമല്ല. ടൈംസ് നൗ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ധ്രുവ് സഞ്ചരിച്ചിരുന്ന വാഹനം ഓട്ടോയില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്നാണ്. എന്നാല്‍, ഇത് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടാണ്.

ബാലയുടെ വര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് ധ്രുവ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വിജയ് ദേവരക്കൊണ്ട നായകനായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് ഈ ചിത്രം. ധ്രുവ് നിലവില്‍ ഈ ചിത്രത്തിനായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.